താര സംഘടനയായ എഎംഎംഎയുടെ തെരഞ്ഞെടുപ്പ്; ജഗദീഷും ശ്വേത മേനോനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും

താര സംഘടനയായ എഎംഎംഎയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായുള്ള നാമനിർദേശപത്രിക ജഗദീഷും ശ്വേത മേനോനും നൽകി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ ബാബുരാജും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസനും പത്രിക നൽകിയിട്ടുണ്ട്.
ജോയ് മാത്യു, രവീന്ദ്രൻ, ജയൻ ചേർത്തല, അനന്യ, സരയു, ലക്ഷ്മി പ്രിയ, അഞ്ജലി നായർ, തുടങ്ങിയവരും പത്രിക നൽകിയിട്ടുണ്ട്. അമ്മ ഓഫീസിൽ നിന്ന് നൂറിലേറെ പേരാണ് ഫോം കൈപ്പറ്റിയത്. ഇന്നാണ് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. സൂക്ഷ്മ പരിശോധനക്ക് ശേഷം വൈകിട്ട് ഇന്ന് വെെകിട്ട് 5.30ന് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും.
ഭാരവാഹികൾക്കും അംഗങ്ങൾക്കും എതിരെ തുടർച്ചയായി ലൈംഗികാരോപണങ്ങൾ ഉയർന്നതോടെ കമ്മിറ്റിയും സംഘടനയും ആകെ പ്രതിസന്ധിയിലായിരുന്നു. താരങ്ങൾക്ക് നേരെയും സംഘടനയ്ക്ക് നേരെയും പലഭാഗത്ത് നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.
മോഹൻലാലിന്റെ നേതൃത്വത്തിൽ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ച് ദൈനംദിന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോകുകയായിരുന്നു. ബാബുരാജണ് കമ്മിറ്റിയുടെ താത്ക്കാലിക ജനറൽ സെക്രട്ടറി. എന്നാൽ, ബാബുരാജിന് എതിരെയുള്ള അതൃപ്തിയും കമ്മിറ്റിയുടെ നിലനിൽപിനെ ബാധിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ടായിരുന്ന ജയൻ ചേർത്തല, അൻസിബ ഹസൻ എന്നിവർക്കെതിരെയും ഒരു വിഭാഗം രംഗത്തുണ്ട്.
കഴിഞ്ഞമാസം നടന്ന ജനറൽബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനമായത്. 31 വർഷത്തെ ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കാതെ ഭരണസമിതി രാജിവെച്ച് തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്നത് ഇതാദ്യമായാണ്.
Tag: AMMA elections: Jagadish and Shweta Menon to contest for president