അമ്മ സംഘടന തെരഞ്ഞെടുപ്പ്; നടൻ ബാബുരാജും സുരേഷ് കൃഷ്ണയും നാമനിർദേശപത്രിക പിൻവലിച്ചു

അമ്മ സംഘടനയുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ബാബുരാജ് പിന്മാറുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തന്റെ നാമനിർദേശ പത്രിക പിൻവലിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ആരോപണ വിധേയർ മത്സരിക്കുന്നത് അംഗങ്ങൾ തന്നെ എതിർത്ത സാഹചര്യത്തിലാണ് തീരുമാനം.
ആദ്യഘട്ടത്തിൽ കടുത്ത വിമർശനങ്ങൾക്കിടയിലും മത്സരത്തിൽ തുടരുമെന്ന നിലപാടിലായിരുന്നു ബാബുരാജ്. എന്നാൽ, മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഇടപെടലിനെ തുടർന്ന് അദ്ദേഹം മത്സരത്തിൽ നിന്ന് പിന്മാറാൻ തയ്യാറായതായി സൂചനയുണ്ട്. ഇതോടൊപ്പം, നൽകിയ എല്ലാ പത്രികകളും പിൻവലിച്ച് നടൻ സുരേഷ് കൃഷ്ണയും മത്സരത്തിൽ നിന്ന് പിന്തിരിഞ്ഞു.
ബാബുരാജിന്റെ മത്സരത്തിനെതിരെ ‘അമ്മ’ അംഗങ്ങൾ പരസ്യമായി പ്രതികരിച്ചിരുന്നു. പത്രിക പിൻവലിക്കണമെന്ന് മുതിർന്ന താരങ്ങൾ സമ്മർദ്ദം ചെലുത്തിയെന്ന വിവരങ്ങളും പുറത്തുവന്നു. ആരോപണവിധേയരായ മറ്റു താരങ്ങൾ മാറിനിന്നപ്പോഴും ബാബുരാജ് മാത്രം രംഗത്ത് ഉറച്ചു നിന്നത് സംഘടനയ്ക്കുള്ളിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കി.
ആജീവനാന്ത അംഗം മല്ലിക സുകുമാരൻ ആദ്യം ബാബുരാജിനെതിരെ പ്രതികരിച്ചു. പിന്നാലെ മാലാ പാർവതി ഉൾപ്പെടെ നിരവധി താരങ്ങളും പരസ്യമായി വിമർശനവുമായി രംഗത്തെത്തി. മുൻകാലത്ത് ആരോപണങ്ങൾ നേരിട്ടപ്പോൾ താൻ മാറിനിന്നുവെന്ന് ഓർമ്മപ്പെടുത്തി വിജയ് ബാബുവും പ്രതികരിച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രൻ, രവീന്ദ്രൻ, ജയൻ ചേർത്തല, കുക്കു പരമേശ്വരൻ എന്നിവരാണ് ഇപ്പോഴും മത്സരരംഗത്തുള്ളത്.
Tag: AMMA organization elections; Actor Baburaj and Suresh Krishna withdraw nomination papers