പോക്സോ കേസ് പ്രതി ജാമ്യത്തിലിറങ്ങി; അതേ പെണ്‍കുട്ടിയെ തന്നെ വീണ്ടും പീഡിപ്പിച്ചു…
ചിറ്റാരിക്കാല്‍: ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതി അതേ പെണ്‍കുട്ടിയെ തന്നെ വീണ്ടും പീഡിപ്പിച്ചതായി പരാതി. കടുമേനി പട്ടേങ്ങാനത്തെ ആന്റോ ചാക്കോച്ചന്റെ (28) പേരിലാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയി. ഒരു മാസമായി ഇയാള്‍ ഒളിവിലാണ്.
ഒരുവര്‍ഷം മുമ്പാണ് ഇയാള്‍ പതിനാലുകാരിയെ ആദ്യം പീഡിപ്പിച്ചത്. അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ ചിറ്റാരിക്കാല്‍ പോലീസ് ആന്റോയെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. റിമാന്‍ഡിലായിരുന്ന ആന്റോ ആറുമാസത്തിനു ശേഷം ജാമ്യത്തിലിറങ്ങി.
ഇയാള്‍ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ജൂലായ് 13-ന് അമ്മ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്നുതന്നെ കേസെടുത്തിട്ടുണ്ടെന്നും പ്രതി ഒളിവിലായതിനാല്‍ പിടിക്കാനായില്ലെന്നുമാണ് ചിറ്റാരിക്കാല്‍ പോലീസ് പറഞ്ഞത്.
പ്രതിയുടെ അറസ്റ്റ് വൈകുന്നത് പ്രതിഷേധത്തിനിടയാക്കി. ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തില്‍ എന്‍.വി.ശിവദാസ് ചെയര്‍മാനും കെ.കെ.വിപിന്‍ കണ്‍വീനറുമായി കര്‍മസമിതിയും രൂപവത്കരിച്ചു.