കോവിഡ് പ്രതിസന്ധി, സിനിമയെ കരകയറ്റാൻ താരങ്ങൾ 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കും.

കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് സിനിമയെ കരകയറ്റാൻ താരങ്ങൾ 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കും. 50 ശതമാനം വരെ താരങ്ങൾ പ്രതിഫലം കുറക്കാൻ തയ്യാറാണെന്ന് അമ്മ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും. കൊവിഡ് പ്രതിസന്ധി പരിഗണിച്ച് താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന് ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നതാണ്. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ പ്രതിഫലം പകുതിയെങ്കിലും കുറക്കണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആവശ്യം. ചലച്ചിത്ര സംഘടനകളുമായി ചര്‍ച്ചയില്ലാതെ ഇത്തരമൊരു ആവശ്യം നിര്‍മ്മാതാക്കള്‍ പരസ്യമായി ഉന്നയിച്ചത്തിൽ അമ്മയില്‍ എതിര്‍പ്പുണ്ടായിരുന്നു.
പുതിയ സിനിമകള്‍ ചിത്രീകരണം തുടങ്ങേണ്ടെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാടിൽ അമ്മക്ക് വിയോജിപ്പുണ്ടായിരുന്നു. നൂറ് ദിവസത്തിലേറെയായി സിനിമ മുടങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ അഭിനേതാക്കളുടെ തൊഴില്‍ മുടങ്ങുന്നത് തുടരാനാകില്ലെന്നാണ് സംഘടനയുടെ നിലപാട്. പുതിയ സിനിമകള്‍ തുടങ്ങിയാല്‍ സഹകരിക്കാമെന്നാണ് സംഘടനയുടെ തീരുമാനം. എന്നാൽ ഞായറാഴ്ച നടന്ന യോഗം പകുതിയിലെത്തുമ്പോൾ നിർത്തിവെക്കേണ്ടി വന്നതിനാൽ ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല.
ഇടവേള ബാബു, സിദ്ദിഖ്, ആസിഫ് അലി ഗണേഷ് കുമാർ, മുകേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ ചെന്നൈയിലായതിനാൽ വീഡിയോ കോൺഫറൻസ് വഴിയാണ് ചർച്ചകളിൽ ചേർന്നത്. പ്രവാസികൾ ഉൾപ്പെടെയുള്ളവരെ ക്വാറന്റൈൻ ചെയ്ത ഹോട്ടലിലാണ് അമ്മയുടെ യോഗം ചേർന്നത്.
നടി ഷംന കാസിമിനെതിരായ ബ്ലാക്ക് മെയിൽ കേസ്, താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം, സിനിമയിൽ ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്ന നടൻ നീരജ് മാധവിന്റെ ആരോപണം, സിനിമ ഷൂട്ടിംഗ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകൾ തുടങ്ങിയ കാര്യങ്ങൾ ചർച്ചചെയ്യാനാണ് ‘അമ്മ യോഗം വിളിച്ചു ചേർത്തിരുന്നത്.