Kerala NewsLatest NewsNews

വയനാടിന് സ്വപ്ന സാക്ഷാത്കാരം, ആനക്കാംപൊയിൽ –കള്ളാടി – മേപ്പാടി തുരങ്ക പാതക്ക് തുടക്കമായി

വയനാട്ടുകാരുടെയും സഞ്ചാരികളുടെയും സ്വപ്നമായിരുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്ക പാതയുടെ നിർമ്മാണ പ്രവർത്തിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചുരം കയറിയും വനം കടന്നും മാത്രം ജില്ലയിലെത്താവുന്ന ഒരു ജനതയുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം കോഴിക്കോട് ജില്ലയിലാണെങ്കിലും വയനാട് ചുരം എന്നും വിളിപ്പേരുണ്ട്. വയനാട് -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് ഏഴു കിലോമീറ്ററോളം ദൂരത്തിലാണ് തുരങ്കപാത നിർമിക്കുന്നത്.

പാത യാഥാർത്ഥ്യമാകുന്നതോടെ കർണാടകത്തിൽ നിന്നും മലബാറിലേക്കുള്ള ചരക്കു നീക്കം സുഗമമാകുകയും കോഴിക്കോട് ജില്ലയിലെ മലയോരമേഖലയ്ക്ക് വികസനക്കുതിപ്പ് കൈവരികയും ചെയ്യും. ബെംഗളൂരുവിൽ നിന്നും മലബാറിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്നത് വയനാട് വഴിയാണ്. ചുരത്തിലെ ഗതാഗതക്കുരുക്കും റോഡുകളുടെ ശോച്യാവസ്ഥയും മൂലം യാത്രക്കാർക്കും വ്യാപാരികൾക്കും ചുറ്റിവളഞ്ഞുള്ള മറ്റു വഴികൾ ആശ്രയിക്കേണ്ടി വരുന്നുണ്ട്. ഈ പ്രതിസന്ധി കൊണ്ട് തന്നെ ചരക്കു നീക്കത്തിന് ഏറ്റവും എളുപ്പമുള്ള ഈ വഴിയിലൂടെ വലിയ ചരക്കു ലോറികളുടെ ഗതാഗതവും നിയന്ത്രിച്ചിരിക്കുകയാണ്. വയനാട് ചുരത്തിന് ബദൽപാത എന്നത് വയനാട്, കോഴിക്കോട് ജില്ലകളുടെ മാത്രമല്ല, മലബാർ മേഖലയുടെ മുഴുവൻ ആവശ്യമാണ്. ഇതിനൊക്കെ പരിഹാരമായാണ് തുരങ്ക പാത ഒരുങ്ങുന്നത്.

കള്ളാടി-ആനക്കാംപൊയിൽ തുരങ്ക പാത എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പല സർക്കാരുകളും മാറിമാറി വന്നിട്ടും ആവശ്യമായ നടപടി എടുക്കാൻ സാധിച്ചിരുന്നില്ല. നിരന്തര സമ്മർദങ്ങൾക്കൊടുവിൽ 2014 ൽ പൊതുമരാമത്ത് വകുപ്പ് സാധ്യതാ പഠനം നടത്തി തുരങ്കപാത നിർമിക്കാൻ അനുയോജ്യമാണെന്ന് കണ്ടെത്തി. 2016 ൽ ജോർജ് എം തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിക്കുകയും ഇ.ശ്രീധരനുമായി ചർച്ച നടത്തുകയും ചെയ്തു. ഇതോടെയാണ് പദ്ധതിക്ക് ജീവൻ വെക്കുന്നത്. തുടർന്ന് 2017ലെ സംസ്ഥാന ബജറ്റിൽ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കാൻ 20 കോടി രൂപ വകയിരുത്തി. തുരങ്കപാതയുടെ വിശദ പഠന റിപ്പോർട്ട് തയാറാക്കലും നിർമാണവും കൊങ്കൺ റെയിൽവേ കോർപറേഷനെ ഏൽപ്പിച്ചു.

കൊങ്കൺ റെയിൽവേ കോർപ്പറേഷൻ്റെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി പാതയുടെ അലൈൻമെന്റ് തയാറാക്കി.വയനാട് മേപ്പാടി ഭാഗത്തും ചൂരൽമല ഭാഗത്തും അവസാനിക്കുന്ന നാല് അലൈൻമെന്റുകളാണ് പാതക്കായ് തയാറാക്കിയത്. മേപ്പാടി കള്ളാടി ഭാഗത്ത് അവസാനിക്കുന്ന അലൈൻമെന്റ് പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചു. പരമാവധി കാട് ഒഴിവാക്കിയുള്ള അലൈൻമെന്റാണ് തിരഞ്ഞെടുത്തി രിക്കുന്നത്. തിരഞ്ഞെടുത്ത അലൈൻമെന്റ് പ്രകാരം മറിപ്പുഴ ഭാഗത്ത് 70 മീറ്റർ നീളത്തിൽ പാലവും അനുബന്ധ റോഡും നിർമിക്കും. സ്വർഗംകുന്ന് മുതൽ വയനാട്ടിലെ കള്ളാടി വരെ 6.8 കിലോമീറ്റർ ദൂരത്തിൽ തുരങ്കവും പിന്നീട് കള്ളാടി ഭാഗത്തേക്ക് അനുബന്ധറോഡും രണ്ടുവരി പാതയായി നിർമിക്കും.

കെആർസിഎൽ സീനിയർ സെക്‌ഷൻ എൻജിനീയർ മുരളിധറിന്റെ നേതൃത്വത്തിലെത്തിയ 16 അംഗ സംഘമാണ് സർവേ, ഫീൽഡ് ഇൻവെസ്റ്റിഗേഷൻ എന്നിവ നടത്തി വിശദമായ പദ്ധതിരേഖ തയാറാക്കുന്നത്.തുരങ്കപാതയുടെ നിർമാണത്തിന്റെ ഭാഗമായുള്ള സാങ്കേതിക പഠനത്തിന് കഴിഞ്ഞ ആഴ്ച തുടക്കമായി. വിശദമായ പദ്ധതി രേഖ ഡിപിആർ തയാറാക്കുന്നതിന്റെ ഭാഗമായി നിർവഹണ ഏജൻസിയായ കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് സംഘവും പൊതുമരാമത്ത് അധികൃതരും തുരങ്കപാത തുടങ്ങുന്ന മറിപ്പുഴയിലെത്തി സാധ്യതകൾ വിലയിരുത്തിയിരുന്നു. സർവേ, മണ്ണ് പരിശോധന എന്നീ രണ്ടു വിഭാഗങ്ങളിലായി എട്ട് വീതം വിദഗ്ധരാണ് കെആർസിഎൽ സംഘത്തിലുള്ളത്. രണ്ടു മാസം സ്ഥലത്ത് താമസിച്ചായിരിക്കും സംഘം വിശദമായ റിപ്പോർട്ട് തയാറാക്കുക. പദ്ധതിയുടെ സർവേ പ്രവർത്തനങ്ങളടക്കമുള്ള പഠനങ്ങൾ നടത്താനായി ക്യുമാക്‌സ് എന്ന കൺസൾട്ടൻസിയെയാണ് കെആർസിഎൽ ചുമതലപ്പെടുത്തിയത്. പഠനത്തിന്റെ ഭാഗമായി ഏരിയൽ സർവേയും ഫീൽഡ് സർവേയും നടത്തും.മൂന്നു മാസത്തിനകം പദ്ധതി റിപ്പോർട്ട് തയാറാക്കാനാണ് സംഘത്തിന്റെ നീക്കം.

സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമപരിപാടികളിൽ ഉൾപ്പെടുത്തിയതോടെ പദ്ധതിക്ക് പുത്തൻ ഉണർവും വേഗവും കൈവന്നു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ കിഫ്ബിയിൽ നിന്നും 658 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാതയുടെ നിർമാണപ്രവൃത്തി പൂർത്തിയാക്കുക. 34 മാസത്തിനകം പദ്ധതി യാഥാർത്ഥ്യമാക്കുമെന്നാണ് കൊങ്കൺ റെയിൽവേ കോർപറേഷൻ അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button