അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) പുതിയ പ്രഖ്യാപനം. വനിത ക്രിക്കറ്റിന് സമ്മാനത്തുകയിൽ വർധനവ് വരുത്തി പ്രഖ്യാപനം. പുരുഷ ലോകകപ്പിനേക്കാൾ ഉയർന്ന സമ്മാനത്തുകയാണ് വരാനിരിക്കുന്ന വനിത ഏകദിന ലോകകപ്പ് ജേതാക്കൾക്ക് ലഭിക്കുക. വനിതാ ക്രിക്കറ്റിന്റെ ജനപ്രീതി വർധിപ്പിച്ച് പുരുഷ ക്രിക്കറ്റിനൊപ്പമെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.
ഇതുവരെ നൽകിയിരുന്നതിനെക്കാൾ നാലിരട്ടി തുകയാണ് ഐസിസി പ്രഖ്യാപിച്ചത്. 2025 സെപ്റ്റംബർ 30 മുതൽ നവംബർ 2 വരെ ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിനായി 122.5 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. ജേതാക്കൾക്ക് 39.55 കോടി രൂപ (4.48 മില്ല്യൺ ഡോളർ) ലഭിക്കും. കഴിഞ്ഞ തവണ ജേതാക്കൾക്ക് ലഭിച്ചത് 11.65 കോടി രൂപ (1.32 മില്ല്യൺ ഡോളർ) മാത്രമായിരുന്നു.
2023ലെ പുരുഷ ലോകകപ്പ് ജേതാക്കൾക്ക് നൽകിയിരുന്നത് 33.31 കോടി രൂപയും റണ്ണറപ്പായ ഇന്ത്യക്ക് 16.65 കോടി രൂപയുമായിരുന്നു. എന്നാൽ വനിതാ ലോകകപ്പിൽ സമ്മാനത്തുക അതിനേക്കാൾ ഉയർന്നതാണ്.
മത്സരങ്ങൾ ഗുവാഹത്തി, ഇന്ദോർ, നവി മുംബൈ, വിശാഖപട്ടണം, കൊളംബോ എന്നിവിടങ്ങളിലായിരിക്കും.
സമ്മാനത്തുക വിഭജനം ഇങ്ങനെ:
ജേതാക്കൾക്ക്: 39.55 കോടി
റണ്ണറപ്പ്: 19.77 കോടി
സെമിഫൈനൽ ടീമുകൾക്ക്: 9.89 കോടി വീതം
ഗ്രൂപ്പ് ഘട്ടം പിന്നിടുന്ന ടീമുകൾക്ക്: 30.29 ലക്ഷം വീതം
അഞ്ചാം, ആറാം സ്ഥാനക്കാർക്ക്: 62 ലക്ഷം വീതം
ഏഴാം, എട്ടാം സ്ഥാനക്കാർക്ക്: 24.71 ലക്ഷം വീതം
പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും: 22 ലക്ഷം വീതം
വനിത ക്രിക്കറ്റിലെ വലിയ മുന്നേറ്റമെന്ന് ഐസിസി ചെയർമാൻ ജയ്ഷാ വ്യക്തമാക്കി. വളരുന്ന പുതിയ തലമുറയോടുള്ള പ്രതിബദ്ധതയുടെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tag: Announcement of increase in prize money for women’s cricket