എന്തായാലും സംഭവം പൊളിച്ച് ! ; തമ്മില്‍ കുറ്റം പറയാനാകാതെ സിപിഎം ഉം ബിജെപിയും
രാജ്യം എഴുപത്തിയഞ്ചാം സ്വാന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഇത്തവണ ചരിത്രം തിരുത്തിയത് സി.പി.എം ആയിരുന്നു. ഇതുവരെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ തയ്യാറാവാതിരുന്ന സി.പി.എം ഇത്തവണ പാര്‍ട്ടി ഓഫീസുകളില്‍ പതാക ഉയര്‍ത്തി ഇന്ത്യയ്ക്ക് സ്വാതന്ത്യം നല്‍കി. അതുമാത്രം കൊണ്ടും തീര്‍ന്നില്ല സ്വാതന്ത്ര്യ ദിന പ്രസംഗങ്ങളും നടത്തി. അങ്ങനെ 1948-ലെ രണ്ടാംപാര്‍ട്ടി കോണ്‍ഗ്രസിന്റെ നയങ്ങളില്‍ മാറ്റം വരുത്തി സി.പി.എം രാജ്യത്തിന് ലഭിച്ച സ്വാതന്ത്ര്യത്തെ അംഗീകരിച്ചു. സി.പി.എമ്മിന്റെ നയം മാറ്റത്തെ കോണ്‍ഗ്രസും ബിജെപിയും അതി രൂക്ഷമായി വിമര്‍ശിക്കുമ്പോഴും ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷവുമായി മുന്നോട്ടുപോവാനുളള തീരുമാനമാണ് സി.പി.എം സ്വീകരിച്ചത്. ഇതിനിടെ തന്നെ പതാക ഉയര്‍ത്തലുകള്‍ വിവാദങ്ങള്‍ക്കും വഴിവെച്ചു.
എ.കെ.ജി സെന്ററില്‍ ഇന്നലെ സി.പി.എം ഉയര്‍ത്തിയ പതാകയാണ് ആദ്യം വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. ദേശീയ പതാകയോടൊപ്പം അതേ ഉയരത്തില്‍ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ ലംഘനമാണ് എ.കെ.ജി സെന്ററില്‍ നടന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസുകാര്‍ രംഗത്തെത്തി. സി.പി.എം ദേശീയ പതാകയെ ആക്ഷേപിച്ചുവെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ എം.എല്‍.എ ശബരീനാഥനും രംഗത്ത് വന്നതോടെ വിവാദങ്ങള്‍ക്ക് തുടക്കമായി. എന്നാല്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ മാത്രമായി ആഘോഷം അവസാനിപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. 1947 ഓഗസ്റ്റ് 15-ന് സംസ്ഥാന ഓഫീസിന് മുന്‍പില്‍ ദേശീയ പതാക അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പി.കൃഷ്ണപിള്ള ഉയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിനായി ഇടതുപക്ഷം ത്യാഗപൂര്‍ണമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ത്യാഗോജ്ജ്വലമായ സ്വാതന്ത്ര്യസമരത്തിന്റെ ഉല്പന്നമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി അടക്കമുള്ള ദേശീയ പ്രസ്ഥാനങ്ങളെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി യും പ്രതികരിച്ചു. ബ്രിട്ടീഷുകാരുടെയും അവരുടെ കൂട്ടാളികളുടെയും അതിരൂക്ഷമായ അടിച്ചമര്‍ത്തല്‍ നേരിട്ടു കൊണ്ടാണ് കമ്യൂണിസ്റ്റുകാരും മറ്റ് ദേശീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പം പോരാടിയതെന്ന് അദ്ദേഹം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞത്.
എന്നാല്‍ സി.പി.എം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനെ പരിഹസിച്ച് രമേശ് ചെന്നിത്തലയും കെ.സുധാകരനും എം.ടി രമേശും രംഗത്തു വന്നതോടെ വീണ്ടും സഖാക്കന്മാര്‍ വെട്ടിലായി. സ്വാതന്ത്ര്യ ദിനം ആഘോഷിക്കുക എന്നത് സി.പി.എമ്മിന് വൈകി വന്ന വിവേകമാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആക്ഷേപം. ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ വന്ന സര്‍ക്കാരിനെ സായുധ വിപ്ലവത്തിലൂടെ പരാജയപ്പെടുത്തണമെന്ന് നിലപാടെടുത്ത കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇപ്പോള്‍ വന്ന വെളിപാട് ഒറ്റപെടുമെന്ന് തോന്നിയത് കൊണ്ടാണ് എന്നതായിരുന്നു രമേശ് ചെന്നിത്തലയുടെ ആക്ഷേപം. ഓഗസ്റ്റ് 15 ആപത്ത് 15 എന്ന് പ്രചരിപ്പിച്ചവരാണ് ഇപ്പോള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും ചൂണ്ടിക്കാട്ടി.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ലെന്നവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പറഞ്ഞ് പഠിപ്പിച്ചു. കോണ്‍ഗ്രസ് 75-ാംസ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ സി.പി.എം ആദ്യത്തെ സ്വാതന്ത്ര്യ ദിനം ആചരിക്കുകയാണ്. സമസ്താപരാധങ്ങളും ക്ഷമിക്കണമേയെന്ന് ഇന്ത്യക്കാരുടെ മുമ്പില്‍ കുമ്പിട്ട് പറയുന്നതിന് തുല്യമാണ് ഇതെന്നുമാണ് കെ.സുധാകരന്‍ പറഞ്ഞത്. അതിനിടെ തന്നെ സ്വാതന്ത്ര്യ ദിനത്തില്‍ സി.പി.എമ്മിനെതിരേ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശും രംഗത്തെത്തിയിരുന്നു. സ്വാതന്ത്ര്യബോധത്തെ ഇതു വരെ ഉള്‍കൊള്ളാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. രാജ്യം സി.പി.എമ്മിനെ തിരസ്‌കരിച്ചപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് ഈ ആഘോഷമെന്ന് എം.ടി രമേശ് പറഞ്ഞത്. ദേശീയതയെ അപമാനിച്ചത് തെറ്റായെന്ന് ജനങ്ങളോട് ഏറ്റു പറഞ്ഞാണ് സി.പി.എം ഈ ദിനം ആഘോഷിക്കേണ്ടതെന്നും എം.ടി രമേശ് ചൂണ്ടിക്കാട്ടി.
ഒട്ടുംവൈകിയില്ല ഇതിനിടെ ദേശീയ പതാക തലകീഴായി ഉയര്‍ത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും വിവാദത്തില്‍ പെട്ടതോടെ കോറം തികഞ്ഞു. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പാതക ഉയര്‍ത്തുന്നതിനിടെയാണ് സുരേന്ദ്രന് തെറ്റ് പറ്റിയത്. ദേശീയപതാക ഉയര്‍ത്താന്‍ തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കളെല്ലാം അണിനിരന്നു. ചരടില്‍ കോര്‍ത്ത പതാക സുരേന്ദ്രന്‍ ഉയര്‍ത്തി തുടങ്ങി. രണ്ടടിയോളം ഉയര്‍ന്നപ്പോള്‍ പച്ചനിറം മുകളിലും കുങ്കുമം താഴെയും. തിരിഞ്ഞ് പോയെന്ന് മനസിലായതോടെ പതാക വലിച്ച് താഴ്ത്തി. ഒടുവില്‍ വീണ്ടും ഉയര്‍ത്തി പ്രശ്‌നം പരിഹരിച്ചു. പക്ഷെ ആദ്യമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചതിന്റെ പേരില്‍ സി.പി.എമ്മിനെ പരിഹസിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയതിന്റെ നിരാശയായി പിന്നീട് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും. എന്തായാലും ഭാരതത്തി?ന്റെ അഭിമാനത്തിനായി നൂറ്റാണ്ടുകളോളം ത്യാഗവും പീഡനവും സഹിച്ച നമ്മുടെ മഹാന്മാരായ നേതാക്കളുടെ ദൃഢനിശ്ചയത്തി?ന്റെ സാക്ഷാത്?കാരദിനമായ സ്വാതന്ത്ര്യദിനത്തെ ഇത്രയും വിപ്‌ളാവാത്മകമായ രീതിയിലേക്കെത്തിച്ച കേരളത്തിന്റെ സ്വന്തം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരു കൂപ്പു കൈ.