നേപ്പാളിൽ വീണ്ടും വെടിവെപ്പ്; രാംചപ് ജയിലിൽ നിന്ന് തടവുകാർ രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് സൈന്യം വെടിയുതിർത്തു
നേപ്പാളിൽ വീണ്ടും വെടിവെപ്പ്. രാംചപ് ജയിലിൽ നിന്ന് തടവുകാർ രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് സൈന്യം വെടിയുതിർത്തു. സൈന്യം അധികാരം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ വെടിവെപ്പാണിത്. രാജ്യത്ത് പ്രക്ഷോഭം ആരംഭിച്ചതിന് പിന്നാലെ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി.
തടവുകാർ നിരവധി ലോക്കുകൾ തകർത്തെന്നും പ്രധാന ഗേറ്റ് പൊളിക്കാനെത്തിയപ്പോൾ സേന വെടിവച്ചതാണെന്നും മുഖ്യ ജില്ലാ ഓഫീസർ ശ്യാം കഷ്ണ താപ വ്യക്തമാക്കി. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അദ്ദേഹം അറിയിച്ചു. ജെൻസി പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം 25 ജയിലുകളിൽ നിന്നായി ഏകദേശം 15,000 തടവുകാർ രക്ഷപ്പെട്ടിട്ടുണ്ട്. നേപ്പാളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജയിൽച്ചാട്ടമാണിത്. ഇവരിൽ വളരെ കുറച്ച് പേരെയാണ് തിരിച്ചെത്തിക്കാനും പിടികൂടാനും കഴിഞ്ഞത്.
ഇതിനിടെ ഇടക്കാല സർക്കാരിനെ കുറിച്ച് സൈന്യവും ജെൻസിയും തമ്മിൽ ഇന്ന് കൂടിക്കാഴ്ച നടക്കും. മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കി, കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷാ, മുൻ ഇലക്ട്രിസിറ്റി ബോർഡ് സിഇഒ കുല്‍മാൻ ഘിസിങ് എന്നിവരാണ് പുതിയ ഭരണാധികാരിയായി പരിഗണിക്കപ്പെടുന്നത്.
അതേസമയം, കാഠ്മണ്ഡു, ലളിത്പുര്‍, ഭക്തപൂര്‍ എന്നിവിടങ്ങളിലെ നിരോധനാജ്ഞ നാളെ രാവിലെ 6 മണിവരെ നീട്ടി. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം അടക്കമുള്ള 26 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോങ്ങളിലേക്കുള്ള വിലക്ക് സർക്കാരിന്റെ നടപടി ആരംഭിച്ചപ്പോഴാണ് പ്രക്ഷോഭം ശക്തമായത്. അഴിമതിയും തൊഴിലില്ലായ്മയും ഉൾപ്പെടെ നിരവധി പ്രശ്നങ്ങളാണ് പ്രതിഷേധത്തിന് പിന്നിലെന്നും, “You Stole Our Dreams”, “Youth Against Corruption” എന്നീ മുദ്രാവാക്യങ്ങളോടെ പ്രതിഷേധം വ്യാപിച്ചതെന്നും റിപ്പോർട്ടുണ്ട്.
പ്രക്ഷോഭം ശക്തമായതോടെ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയും രാജിവെക്കേണ്ടി വന്നു. പിന്നാലെ സൈന്യം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ആഭ്യന്തരമന്ത്രി രമേശ് ലേഖക്, ആരോഗ്യമന്ത്രി പ്രദീപ് പൗഡേൽ, കൃഷിമന്ത്രി രാം നാഥ് അധികാരി എന്നിവരും രാജിവെച്ചിരുന്നു.
Tag: Another shootout in Nepal; Army opens fire after prisoners try to escape from Ramchup jail