Kerala NewsLatest News

പാലക്കാട് ആനക്കട്ടിയില്‍ ചരിഞ്ഞ കാട്ടാനയ്ക്ക് ആന്ത്രാക്‌സ്

പാലക്കാട്: പാലക്കാട് ആനക്കട്ടിയില്‍ ചരിഞ്ഞ കാട്ടാനയ്ക്ക് ആന്ത്രാക്‌സ്. ആനക്കട്ടിയില്‍ തമിഴ്നാട് വനത്തിനുള്ളില്‍ ചരിഞ്ഞ കാട്ടാനയ്ക്ക് ആന്ത്രാക്സ് സ്ഥിരീകരിച്ചതോടെ മൃഗസംരക്ഷണ വകുപ്പ് ഇന്ന് പ്രതിരോധ നടപടികള്‍ ആരംഭിക്കും. ആനക്കട്ടി ചെക്ക് പോസ്റ്റ് വഴി 15 ദിവസത്തേക്ക് മൃഗങ്ങളെ കൊണ്ടു പോവുന്നതിനും കശാപ്പ് നിരോധിക്കാനും പഞ്ചായത്ത് തീരുമാനിച്ചു. ഈ മേഖലയില്‍ കാലിമേയ്ക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തും.

കാട്ടാനയെ കണ്ടെത്തിയ ഭാഗത്തോട് ചേര്‍ന്ന് കിടക്കുന്ന ആനക്കട്ടി മേഖലയിലെ വളര്‍ത്ത് മൃഗങ്ങള്‍ക്ക് ഇന്ന് മുതല്‍ ആന്ത്രാക്സ് പ്രതിരോധ വാക്സിന്‍ കുത്തിവെപ്പ് ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ആനക്കട്ടിയില്‍ താല്ക്കാലിക ചെക്ക്പോസ്റ്റ് സ്ഥാപിക്കും. കഴിഞ്ഞ ദിവസമാണ് തമിഴ്നാട് വനത്തില്‍ ചരിഞ്ഞ കാട്ടാനയ്ക്ക് ആന്ത്രാക്സ് സ്ഥിരീകരിച്ചത്. കാട്ടാനയുടെ ജഡം മാനദണ്ഡങ്ങള്‍ പ്രകാരം തമിഴ്നാട് വനംവകുപ്പ് സംസ്‌കരിച്ചു. ബോധവത്കരണം നല്‍കാന്‍ നിയന്ത്രണങ്ങളും പ്രതിരോധനടപടികളും സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തും. ഇരുസംസ്ഥാനങ്ങളിലെയും വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിനായി അന്തര്‍ സംസ്ഥാന സമിതി രൂപവത്കരിക്കാനും ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാമമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അതിര്‍ത്തിയിലെ ആനക്കട്ടിയിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. മൂക്കിലും വായിലും രക്തം ഒലിച്ച നിലയിലായിരുന്നു കാട്ടാനയുടെ ജഡം.

ബാസില്ലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയ ആണ് ആന്ത്രാക്‌സിന് കാരണമാകുന്നത്. കൂടുതലും മൃഗങ്ങളെയാണ് ആന്ത്രാക്‌സ് ബാധിക്കുന്നത്. മൃഗങ്ങള്‍ക്ക് മനുഷ്യരില്‍ ഈ രോഗം പരത്താന്‍ കഴിയുമെങ്കിലും മനുഷ്യര്‍ക്കു തിരിച്ചു മൃഗങ്ങളില്‍ ഈ രോഗം പരത്താന്‍ കഴിയില്ല. വളരെ ഫലപ്രദമായ വാക്‌സിനുകള്‍ ഈ രോഗത്തിനെതിരായി നിലവിലുണ്ട്.

ആന്ത്രാക്‌സ് സാധാരണ കാട്ടിലേയോ വളര്‍ത്തുന്നതോ ആയ പുല്ലു കഴിക്കുന്ന ജീവികളെയാണ് കൂടുതലായും വേഗം ബാധിക്കുക. അവ തറയിലുള്ള സസ്യങ്ങള്‍ തിന്നുമ്പോള്‍, ആഹാരം വഴിയും മൂക്കുവഴി അകത്തേയ്ക്കു വലിക്കുന്ന വായു വഴിയും രോഗാണുക്കള്‍ അകത്തു കടക്കുന്നു. ഇങ്ങനെ സസ്യഭുക്കുകളെ തിന്നുന്ന മാംസഭുക്കുകള്‍ക്കും ആന്ത്രാക്‌സ് വരാനുളള സാധ്യതയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button