ജമ്മു കശ്മീരിലെ കുൽഗാമിലെ അഖാലിൽ നടക്കുന്ന ഭീകരവിരുദ്ധ ഓപ്പറേഷൻ മൂന്നാം ദിവസവും തുടരുന്നു. ഏഴ് ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചു.
കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ മൂന്ന് പ്രാദേശിക ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. എന്നാൽ പാകിസ്താനിൽ നിന്ന് നുഴഞ്ഞുകയറിയ ഭീകരരും പ്രദേശത്ത് ഒളിച്ചിരിക്കുന്നുവെന്ന സൂചനകൾ ലഭിച്ചിട്ടുണ്ട്. തിരച്ചിൽ ശക്തമാക്കുന്നതിനായി കൂടുതൽ സൈനികരെ വിന്യസിച്ചിരിക്കുകയാണ്. സമീപകാലത്ത് നടന്നതിൽ ഏറ്റവും വലിയ ഭീകരവിരുദ്ധ നടപടിയാണിതെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
ഇതിന് മുൻപ്, കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ ജീവൻ നഷ്ടപ്പെടുത്തിയ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഷിം മൂസയെ ഓപ്പറേഷൻ മഹാദേവിലൂടെ സുരക്ഷാസേന വധിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പൂഞ്ചിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെയും സേന തുരത്തിയിരുന്നു.
Tag: Anti-terror operation continues for third day in Jammu and Kashmir