ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഇടുക്കി അണക്കെട്ട് തുറക്കും
ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഉച്ചയ്ക്ക് രണ്ടിന് ഡാമിന്റെ ഒരു ഷട്ടര്‍ തുറക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. 40 സെന്റിമീറ്റര്‍ വരെ ഷട്ടര്‍ ഉയര്‍ത്താനാണ് തീരുമാനം. സെക്കന്റില്‍ 4000 ലിറ്റര്‍ വെള്ളമായിരിക്കും പുറത്തേയ്ക്ക് ഒഴുക്കുക. മഴ തുടരുകയാണെങ്കില്‍ കൂടുതല്‍ ജലം പുറത്തേയ്ക്ക് ഒഴുക്കുന്നത് ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ ഡാമിന്റെ ജലനിരപ്പ് 2398.76 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടര്‍ തുറക്കുന്നത്. 2399.03 അടിയായാല്‍ അണക്കട്ടില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് ഷട്ടര്‍ തുറന്ന് ജലം പുറത്തേയ്ക്ക് ഒഴുക്കും. അണക്കെട്ട് തുറക്കുന്ന സാഹചര്യത്തില്‍ നദീ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുമെന്നാണ് വിവരം. 141 അടിയാണ് ഡാമില്‍ പരമാവധി സംഭരിക്കാവുന്ന റൂള്‍കര്‍വ്. അതേസമയം തമിഴ്നാട് കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവ് 900 ഘന അടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്.