വിമാനത്താവളങ്ങളില്‍ ആന്റിബോഡി പരിശോധന തുടങ്ങി.

വിമാനത്താവളങ്ങളില്‍ പ്രവാസികള്‍ക്കുള്ള ആന്റിബോഡി പരിശോധന തുടങ്ങി. പരിശോധനക്കായി വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടറുകള്‍ തുറന്നു. നെടുമ്പാശേരിയിൽ മാത്രം 16 കൗണ്ടറുകളാണുള്ളത്. വിദേശ രാജ്യങ്ങളില്‍ നിന്ന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവര്‍ പരിശോധനയ്ക്ക് വിധേയരാകണം. ഫേസ് ഷീല്‍ഡ്, പി.പി.ഇ കിറ്റ് എന്നിവ ധരിച്ച് പ്രവാസികള്‍ എത്തിത്തുടങ്ങുന്നതിനൊപ്പമാണ് പരിശോധനയും സർക്കാർ ശക്തമാക്കിയത്. രോഗ ലക്ഷണമുള്ളവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റും രോഗലക്ഷണമില്ലാത്തവര്‍ക്ക് ട്രൂനാറ്റ് ടെസ്റ്റ് നടത്തും.
സംസ്ഥാനത്ത് പ്രതിദിനം 4000ത്തിനടുത്ത് ടെസ്റ്റുകള്‍ മാത്രമാണ് നിലവില്‍ നടക്കുന്നത്. എന്നാല്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സാമ്പിൾ പരിശോധനകളുടെ എണ്ണം കൂട്ടാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, പത്തുവയസ്സില്‍ താഴെയുള്ളവര്‍, ഭിന്നശേഷിക്കാര്‍, വയോധികര്‍, ഗുരുതരരോഗങ്ങളുള്ളവര്‍, എന്നിവര്‍ക്കൊപ്പം വരുന്ന കുടുംബാംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. പോസിറ്റീവാകുന്ന മുന്‍ഗണനാ വിഭാഗത്തിലുള്ളവരുടെ സ്രവം ജീന്‍ എക്സ്‌പെര്‍ട്ട്, ട്രൂ നാറ്റ് പരിശോധനയ്‌ക്ക് വിധേയമാക്കും. വേഗത്തില്‍ ഫലം ലഭ്യമാക്കാനാണിത്. ആന്റിബോഡി പരിശോധനാ ഫലം നെഗറ്റീവാകുന്ന എല്ലാവരെയും 14 ദിവസം കര്‍ശന നിരീക്ഷണത്തിനായി വീട്ടിലേക്ക് അയക്കും. വിമാനത്താവളത്തില്‍ ആന്റി ബോഡി ടെസ്റ്റ് നടത്തുന്നത് അധിക സുരക്ഷാ നടപടിയാണ്.
രോഗലക്ഷണമുള്ളവരെ പരിശോധനാ ഫലം നെഗറ്റീവായാലും കൊവിഡ് ആശുപത്രിയിലോ ഫസ്‌റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലോ പ്രവേശിപ്പിക്കും. ലാബുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. പ്രവാസികളുടെ സാമ്പിൾ പരിശോധനയ്‌ക്ക് മുന്‍ഗണന നല്‍കണമെന്ന് ആരോഗ്യ സെക്രട്ടറി ലാബുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.