അനുപമ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി അട്ടിമറിച്ചത് പോലീസ്
തിരുവനന്തപുരം: തന്റെ കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അനുപമ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി അട്ടിമറിച്ചത് പോലീസ്. ഈ പരാതി പോലീസ് തീര്‍പ്പാക്കിയത് അനുപമയുടെ ഭാഗം കേള്‍ക്കാതെയാണ്. ശിശുക്ഷേമസമിതിയെയോ കോടതിയെയോ സമീപിക്കണമെന്ന മറുപടിയാണ് തനിക്ക് പോലീസില്‍ നിന്ന് ലഭിച്ചതെന്ന് അനുപമ പറയുന്നത്.
കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് ഏപ്രില്‍ 19ന് അനുപമ പോലീസില്‍ കൊടുത്ത പരാതിയില്‍ ഒരു നടപടിയും അന്നുണ്ടായില്ല. പിന്നാലെ ഡിജിപിക്ക് പരാതി നല്‍കി. അതിനുശേഷം ജൂലൈ 12നാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നത്. പരാതി ഡിജിപിക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പേരൂര്‍ക്കട പോലീസിനും കൈമാറിപ്പോയെന്ന് ഓണ്‍ലൈന്‍ രേഖയുണ്ട്. ജൂലായ് 28ന് പേരൂര്‍ക്കട പോലീസില്‍ എത്തി. അപ്പോള്‍ പോലീസ് ഇടപെട്ടിരുന്നെങ്കില്‍ ഓഗസ്റ്റ് ആദ്യ ആഴ്ച നടന്ന ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാമായിരുന്നു.
എന്നാല്‍ പോലീസ് ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊടുത്ത പരാതി പേരൂര്‍ക്കട പോലീസില്‍ എത്തിയിട്ടും ഒരിക്കല്‍ പോലും മൊഴിയെടുക്കാന്‍ വിളിച്ചില്ലെന്ന് അനുപമ വ്യക്തമാക്കി. ദത്ത് പോകും മുമ്പ് പരാതി പേരൂര്‍ക്കട സ്റ്റേഷനില്‍ എത്തിയെങ്കിലും ഒന്നരമാസം വൈകിപ്പിച്ച് ദത്ത് പോയശേഷം മാത്രമാണ് മറുപടി നല്‍കിയത്. എതിര്‍ കക്ഷികളെ കണ്ട് ചോദിച്ചു. താങ്കളുടെ പരാതി ശിശുക്ഷേമ സമിതി വഴിയോ കോടതി മുഖാന്തിരമോ പരിഹാരം കാണാവുന്നതാണെന്നായിരുന്നു പോലീസ് നിലപാട്.
അനുപമയുടെ അച്ഛന്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും വിശ്വസിച്ച് കേസ് അവസാനിപ്പിക്കുകയായിരുന്നു പോലീസ്. കുട്ടിയെ സറണ്ടര്‍ ചെയ്തതാണെന്ന് നോട്ടറി സാക്ഷ്യപ്പെടുത്തിയ വ്യാജരേഖ പോലീസ് വിശ്വസിക്കുകയാണുണ്ടായത്. മാത്രമല്ല അനുപമ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ മുന്നില്‍ ഹാജരായി സറണ്ടര്‍ ചെയ്തിരുന്നോയെന്ന് സ്റ്റേറ്റ് അഡോപ്ഷന്‍ റിസര്‍ച്ച് ഏജന്‍സിയോട് ചോദിക്കാതെയാണ് പോലീസ് ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് കൂട്ടുനിന്നത്. ഇതോടെ ഈ കേസില്‍ കേരള പോലീസ് മുഖ്യപ്രതിയായി മാറുകയാണ്. സാധാരണക്കാരുടെ പരാതികള്‍ തീര്‍പ്പാക്കേണ്ട പോലീസ് ഉന്നത ബന്ധങ്ങളുള്ളവരെ തൃപ്തിപ്പെടുത്താന്‍ മുന്‍കൈയെടുത്തത് എന്തായാലും വിവാദമായിരിക്കുകയാണ്.