വീടുകള്‍ക്ക് മുകളില്‍ കല്ലുമഴ; ഭൗമശാസ്ത്ര സംഘം ഇന്ന് സന്ദര്‍ശനം നടത്തും
കട്ടപ്പന: ഉപ്പുതറയില്‍ വീടുകള്‍ക്ക് മുകളിലേക്ക് കല്ലുമഴ. സംഭവത്തെ തുടര്‍ന്ന് ഭീതിയിലായ രണ്ട് കുടുംബങ്ങളെ റവന്യൂ അധികൃതര്‍ മാറ്റി താമസിപ്പിച്ചു.
ഈ പ്രതിഭാസത്തെക്കുറിച്ച് പഠിക്കാന്‍ ഭൗമശാസ്ത്രജ്ഞരുടെ സംഘം ഇന്ന് സ്ഥലം സന്ദര്‍ശിക്കും. ഭൂമിയുടെ ഉപരിതലത്തില്‍ ഉണ്ടാകുന്ന ഏതെങ്കിലും കാന്തിക പ്രതിഭാസമാകാം കല്ലു മഴക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഉപ്പുതറ വളകോട് പുളിങ്കട്ട പാറവിളയില്‍ സെല്‍വരാജിന്റെയും സുരേഷിന്റെയും വീടുകള്‍ക്ക് മുകളിലാണ് കല്ലുകള്‍ മഴ വീഴണത്്. മേല്‍ക്കൂരയിലെ ആസ്ബസ്‌റ്റോസ് ഷീറ്റുകള്‍ പൊട്ടി. മൂന്നാഴ്ച മുമ്പാണ് ചെറിയ തോതില്‍ കല്ലുകള്‍ വീഴാന്‍ തുടങ്ങിയത്. ആദ്യം രാത്രിയാണ് കല്ലുകള്‍ വീണിരുന്നത്. പിന്നീടുളള ദിവസങ്ങളിലും സമാനമായ രീതിയില്‍ കല്ലുവീഴാന്‍ തുടങ്ങിയതോടെ ഇരുവീട്ടുകാരും വാഗമണ്‍ പൊലീസില്‍ പരാതി നല്‍കി.
രാത്രിയും പകലും ഒരുപോലെ കല്ലുകള്‍ വീഴാന്‍ തുടങ്ങിയതോടെ വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ ഭയമായി. രണ്ടു വീടുകളിലുമായി വയോധികര്‍ ഉള്‍പ്പടെ ആറ് കുട്ടികളുമുണ്ട്. കല്ല് വീഴുന്നതിനാല്‍ കുഞ്ഞുങ്ങളെ വീടിന് പുറത്തിറക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഇവര്‍.
ഒരു വീടിന്റെ ചുവരുകള്‍ക്ക് വിള്ളല്‍ സംഭവിക്കുകയും വീടുകള്‍ ഇരിക്കുന്ന ഭൂമിയുടെ ഒരുഭാഗം ഇടിയുകയും ചെയ്തു. കല്ലു മഴക്ക് കാരണമെന്താണ്് എന്നതിനെ കുറിച്ച് പഠിക്കാനാണ് ഭൗമശാസ്ത്ര സംഘം ഇന്ന് സ്ഥലം സന്ദര്‍ശിക്കുന്നത്.