വൈദികൻ എന്നതിനപ്പുറം സഖാവ് എന്നറിയപ്പെടാനാണ് ഇഷ്ടം

റാന്നി / നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ റാന്നിയിൽ മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് ഓർത്തഡോക്സ് സഭാ വൈദികൻ ഫാ. മാത്യൂസ് വാഴക്കുന്നം രംഗത്ത്. ഇടതുപക്ഷ അനുഭാവിയായ വൈദികൻ ഫാ. മാത്യൂസ് വാഴക്കുന്നം സി പി എം അനുഭാവിയാണ്. സി.പി.ഐ.എം നിർദേശിച്ചാൽ റാന്നിയിൽ മത്സരിക്കാൻ തയ്യാറാണെന്ന് ഒരു ന്യൂസ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആണ് ഫാ. മാത്യൂസ് വാഴക്കുന്നം പറഞ്ഞത്.
റാന്നി മണ്ഡലത്തിൽ കുടുംബപരമായ വേരുകളുള്ളതിനാൽ ജയസാധ്യത കൂടുതലാണ്. മണ്ഡലത്തിന് പുറത്ത് നിന്നുള്ളവരുടെ ലക്ഷ്യം പദവി മാത്രമാണെന്നു പറയുന്ന മാത്യൂസ് വാഴക്കുന്നം രാഷ്ട്രീയ വേദികളിൽ പലപ്പോഴും നിറ സാന്നിധ്യമായി എത്താറുണ്ട്.
വൈദികൻ എന്നതിനപ്പുറം സഖാവ് എന്നറിയപ്പെടാനാണ് താൻ ഇഷ്‌ടപ്പെടുന്നത്. ഇക്കാര്യം നിരവധി പാർട്ടി വേദികളിൽ പറഞ്ഞിട്ടുള്ളതാണ്. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി ഒരു നിലപാട് എന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും ഫാ. മാത്യൂസ് വാഴക്കുന്നം പറഞ്ഞിട്ടുണ്ട്.