സ്ഥാനാര്‍ഥി ടിക്കറ്റിന് 11,000 രൂപ അപേക്ഷ ഫീസ്: ഫണ്ട് കളക്ഷന് പുതിയ അടവുമായി കോണ്‍ഗ്രസ്
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഫണ്ട് രൂപീകരണത്തിന് പുതിയ അടവുമായി കോണ്‍ഗ്രസ്. നിയമസഭ സ്ഥാനാര്‍ഥിത്വം ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 11,000 രൂപ അപേക്ഷ ഫീസ് ആയി നല്‍കണം. പാര്‍ട്ടിക്ക് ഫണ്ട് നല്‍കാന്‍ ആരും തയാറാകാത്തതിനാല്‍ വേറെ വഴിയില്ലാതെയാണ് കോണ്‍ഗ്രസ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
നെഹ്‌റു കുടുംബത്തിനെ ചോദ്യം ചെയ്യാന്‍ ധൈര്യമില്ലാത്തതിനാല്‍ ഉത്തര്‍പ്രദേശ് പിസിസി ഗതികേടിലായിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ എത്തിയ പ്രിയങ്ക വദ്രയാണ് ഇത്തരത്തിലൊരു നിബന്ധന മുന്നോട്ടു വച്ചതെന്ന് കോ്ണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. അപേക്ഷ ഫീസ് നല്‍കണമെന്ന് യുപി കോണ്‍ഗ്രസ് കമ്മിറ്റി ഉത്തരവിറക്കിയിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു ട്വീറ്റ് ചെയ്തിട്ടുണ്ട്.
2022 ഫെബ്രുവരിയിലാണ് ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുക. യുപിയില്‍ സ്ഥാനാര്‍ഥികളുടെ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത് സഞ്ജയ് ശര്‍മ്മയും വിജയ് ബഹാദൂറുമാണ്, ജില്ലാതലത്തിലും നഗരതലത്തിലും ജില്ല കമ്മിറ്റിക്കാണ് ചുമതല. പണം ആര്‍ടിജിഎസ് വഴിയോ മണിയോര്‍ഡറായോ ഡിഡിയായോ നല്‍കാം. ഇതിന് രസീത് നല്‍കും.
സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം. അതേസമയം സ്ഥാനാര്‍ഥിത്വം ലഭിച്ചില്ലെങ്കില്‍ പണം തിരിച്ചുനല്‍കുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് വിശദീകരണം നല്‍കിയിട്ടില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയസാധ്യത കുറവാണെന്ന് വിവിധ സര്‍വെ ഫലങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബിജെപി തന്നെ തുടര്‍ന്നും ഭരിക്കുമെന്നാണ് പ്രവചനം. നിലവില്‍ വെറും ഏഴ് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. ഇനിയിപ്പോള്‍ ആ ഏഴു സീറ്റില്‍ തന്നെ മത്സരിക്കാന്‍ ആളെ കിട്ടുമോ എന്നറിയാത്ത അവസ്ഥയാണ് നിലവില്‍ യുപിയില്‍ അപേക്ഷ ഫീസ് കൂടി ഏര്‍പ്പെടുത്തിയതോടെ സംജാതമായിരിക്കുന്നത്. തന്റെ ഉത്തരവുകള്‍ അനുസരിക്കുന്നവരെ മാത്രമെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി പരിഗണിക്കുകയുള്ളൂവെന്ന നിലപാടിലാണ് പ്രിയങ്ക വദ്ര.