”ഡിജിറ്റൽ -സാങ്കേതിക സർവകലാശാലയിലെ വിസി നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുൻഗണനാ പട്ടികയെ അടിസ്ഥാനമാക്കിയായിരിക്കണം”- സുപ്രിംകോടതി
ഡിജിറ്റൽ -സാങ്കേതിക സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുൻഗണനാ പട്ടികയെ അടിസ്ഥാനമാക്കിയായിരിക്കണമെന്ന് എന്ന് സുപ്രീംകോടതി വ്യക്തമാക്കി. സെർച്ച് കമ്മിറ്റി സമർപ്പിക്കുന്ന പാനലിൽ നിന്നു മുഖ്യമന്ത്രിക്ക് മുൻഗണനാക്രമം നിശ്ചയിക്കാനുള്ള അവകാശമുണ്ടെന്നും അതിനനുസരിച്ചായിരിക്കണം ഗവർണറുടെ നിയമനം എന്നും ഉത്തരവിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ ശുപാർശയ്‌ക്ക് ചാൻസലർ എതിർപ്പുണ്ടെങ്കിൽ അത് സുപ്രീം കോടതിയെ അറിയിക്കണം. തുടർന്ന് അന്തിമ തീരുമാനം സുപ്രീം കോടതി എടുക്കും.
സ്ഥിരം വി.സി നിയമനത്തിനായി, സംസ്ഥാനവും ഗവർണറും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്നാണ് നിർദേശം. ഇതിൽ രണ്ടുപേർ ചാൻസലറുടെ നോമിനികളും രണ്ടുപേർ സംസ്ഥാനത്തിന്റെ നോമിനികളും ആയിരിക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ കമ്മിറ്റി രൂപീകരിക്കാനും, ഒരു മാസത്തിനുള്ളിൽ നടപടികളുടെ പുരോഗതി റിപ്പോർട്ട് ചെയ്യാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഡിജിറ്റൽ-സാങ്കേതിക സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട്, റിട്ട. ജഡ്ജി സുധാൻഷു ധൂലിയയെ സെർച്ച് കമ്മിറ്റിയുടെ ചെയർപേഴ്സണായി സുപ്രീം കോടതി നേരത്തേ നിയമിച്ചിരുന്നു. കേരളം കോടതിയിൽ ആവശ്യപ്പെട്ടിരുന്നതനുസരിച്ചാണ് ഈ തീരുമാനം എടുത്തതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Tag: The appointment of VC in the Digital and Technological University should be based on the priority list determined by the Chief Minister” – Supreme Court