keralaKerala NewsLatest News

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനം; മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗവർണർ സുപ്രീംകോടതിയിൽ

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സുപ്രീം കോടതിയെ സമീപിച്ചു. നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നതാണ് ഗവർണറുടെ പ്രധാന ആവശ്യം. കൂടാതെ, സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധിയെ ഉൾപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സർക്കാരിനെ പൂർണ്ണമായും പുറന്തള്ളുന്ന ഗവർണറുടെ നീക്കത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു കടുത്ത വിമർശനം ഉന്നയിച്ചു.

മുഖ്യമന്ത്രിയെ നിയമന പ്രക്രിയയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഖേദകരമാണെന്ന് മന്ത്രി പ്രതികരിച്ചു. സർവകലാശാലകൾക്ക് ആവശ്യമായ പിന്തുണ നൽകുന്നത് സംസ്ഥാന സർക്കാർ തന്നെയാണെന്നും, ചാൻസലറെ നിയമിക്കുന്നതുപോലും നിയമസഭയുടെ ചുമതലയാണെന്നും, അങ്ങനെയിരിക്കെ സർക്കാരിനെയും മുഖ്യമന്ത്രിയെയും ഒഴിവാക്കി വൈസ് ചാൻസലറെ നിയമിക്കുന്നത് സാധ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.

ഡിജിറ്റൽ സർവകലാശാല പോലും മുഖ്യമന്ത്രിയുടെ ദീർഘവീക്ഷണത്തിന്റെ ഫലമായാണ് രൂപം കൊണ്ടതെന്ന് ചൂണ്ടിക്കാട്ടി, “സംസ്ഥാന സർക്കാരിന് അതിൽ അധികാരമില്ലെന്നത് അസംബന്ധമാണ്. ഗവർണറുടെ നടപടി ജനാധിപത്യ മര്യാദയെ തന്നെ ലംഘിക്കുന്നു” എന്നും മന്ത്രി പറഞ്ഞു. മുമ്പ് സുപ്രീംകോടതി നൽകിയ വിധി തുല്യത പുലർത്തുന്നതായിരുന്നു. വ്യക്തമായ ഫോർമുല കോടതി നിർദ്ദേശിച്ചിരുന്നതിനാൽ അത് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടതിനുപകരം, പ്രശ്നം വഷളാക്കുന്ന രീതിയിലാണ് ഗവർണർ നീങ്ങുന്നതെന്നും മന്ത്രി ആരോപിച്ചു.

സംസ്ഥാന സർക്കാർ പരമാവധി അനുരഞ്ജനത്തിന് ശ്രമിച്ചു. പല തവണ ചാൻസലറുമായി ചർച്ചകൾ നടത്തി സമവായത്തിലേക്ക് എത്താൻ ശ്രമിച്ചതായിട്ടും, ഗവർണർ അത് അവഗണിച്ചുവെന്നാണ് മന്ത്രി ആർ. ബിന്ദുവിന്റെ വിമർശനം. “വി.സി. നിയമനത്തിൽ സംസ്ഥാന സർക്കാരിനെ പൂർണമായും ഒഴിവാക്കുന്നത് ശരിയായില്ല” എന്നും അവർ വ്യക്തമാക്കി.

Tag: Appointment of VCs in digital and technical universities; Governor moves Supreme Court seeking removal of Chief Minister

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button