ആചാരപെരുമയോടെ ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് തുടക്കം കുറിച്ചു

ആചാരപെരുമയോടെ ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് തുടക്കം കുറിച്ചു. 51 പള്ളിയോടങ്ങൾ പങ്കെടുത്ത ജലഘോഷയാത്രയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പിന്നാലെ 50 പള്ളിയോടങ്ങൾ പങ്കെടുക്കുന്ന മത്സര വള്ളംകളിക്ക് അരങ്ങൊരുങ്ങി.
ജലമേള റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. എ, ബി ബാച്ചുകളായി വിഭജിച്ചാണ് ഇത്തവണത്തെ മത്സരം നടക്കുന്നത്. മത്സരത്തിന്റെ കൃത്യത ഉറപ്പാക്കുന്നതിനായി ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇരുകരകളിലും ആയിരക്കണക്കിന് ആളുകളാണ് വള്ളംകളി നേരിൽ കാണാൻ എത്തിയിരിക്കുന്നത്. ആറൻമുളയിൽ ഓണാഘോഷത്തിന്റെ സമാപനം പതിവുപോലെ ഉത്രട്ടാതി വള്ളംകളിയോടെയാണ്.
നെഹ്റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ, ഏറ്റവും കുറഞ്ഞ സമയത്തിൽ ലക്ഷ്യത്തിലെത്തുന്ന പള്ളിയോടമാണ് വിജയിയായി പ്രഖ്യാപിക്കുക. സ്റ്റാർട്ടിങ്, ഫിനിഷിങ് പോയിന്റുകളുടെ ക്രമീകരണത്തിനും സമയനിശ്ചയത്തിനുമായി ഡിജിറ്റൽ സംവിധാനങ്ങൾ വിന്യസിച്ചിരിക്കുന്നു. വള്ളംകളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
Tag: Aranmula Uthrattathi vallamkali Festival begins with ceremonial procession