ഞാന്‍ രാമ-ഹനുമാന്‍ ഭക്തന്‍, ഡല്‍ഹി ഭരണം രാമരാജ്യ സങ്കല്‍പ്പത്തെ അടിസ്ഥാനമാക്കി ; കെജ്രിവാള്‍

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കുന്നതിനായി രാമരാജ്യം എന്ന ആശയത്തിലെ 10 തത്ത്വങ്ങള്‍ തങ്ങളുടെ സര്‍ക്കാര്‍ പിന്തുടരുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തില്‍ നന്ദിപ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ തന്റെ സര്‍ക്കാര്‍ മുതിര്‍ന്ന പൗരന്മാരെ ദര്‍ശനത്തിനായി അയക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ഞാന്‍ ശ്രീരാമന്റെയും ഹനുമാന്റെയും ഭക്തനാണ്. രാമരാജ്യ സങ്കല്‍പ്പം തന്റെ ഭരണരീതികളെ സ്വാധീനിച്ചിട്ടുണ്ട്. മികച്ച ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യ സുരക്ഷ, വൈദ്യുതി, കുടിവെള്ളം, തൊഴില്‍, പാര്‍പ്പിടം, സ്ത്രീ സുരക്ഷ എന്നിവ ഉറപ്പുവരുത്തുക, മുതിര്‍ന്നവരെ ബഹുമാനിക്കുക എന്നീ ആശയങ്ങളാണ് ഡല്‍ഹി സര്‍ക്കാര്‍ രാമരാജ്യ സങ്കല്‍പ്പത്തില്‍ നിന്ന് ഉള്‍കൊണ്ടിരിക്കുന്നത്.
ഡല്‍ഹിയില്‍ ഒരാള്‍ പോലും ദാരിദ്ര്യം മൂലം പ്രയാസപ്പെടാന്‍ പാടില്ല. ഓരോ കുട്ടിക്കും അവരുടെ സാമൂഹികനില പരിഗണിക്കാതെ മികച്ച വിദ്യാഭ്യാസം നല്‍കണം. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ മികച്ച ആരോഗ്യ പരിരക്ഷ എല്ലാവര്‍ക്കും ലഭിക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു.