ആർട്ടിക് രഹസ്യം; യു.എസ്. അന്തർവാഹിനികളെ നിരീക്ഷിക്കാൻ റഷ്യയുടെ ‘ഹാർമണി’ നിരീക്ഷണ ശൃംഖല

ആർട്ടിക് മേഖലയിൽ റഷ്യ രഹസ്യമായി അന്തർവാഹിനി നിരീക്ഷണ സംവിധാനം സ്ഥാപിച്ചതായി റിപ്പോർട്ട്. റഷ്യൻ ജലാശയങ്ങൾക്ക് സമീപം പ്രവർത്തിക്കുന്ന യു.എസ്. അന്തർവാഹിനികളെ നിരീക്ഷിക്കുക, റഷ്യയുടെ ആണവ അന്തർവാഹിനി കപ്പൽവ്യൂഹത്തിന് സുരക്ഷയൊരുക്കുക എന്നിവ ലക്ഷ്യമിട്ടാണ് ‘ഹാർമണി’ എന്ന കോഡ് നാമത്തിലുള്ള ഈ ശൃംഖല. ഇന്റർനാഷണൽ കൺസോർഷ്യം ഫോർ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സ് (ICIJ) നടത്തിയ അന്വേഷണത്തെ അടിസ്ഥാനമാക്കി ‘ദി വാഷിംഗ്ടൺ പോസ്റ്റാണ്’ ഈ വിവരം പുറത്തുവിട്ടത്.
അഡ്വാൻസ്ഡ് സോണാർ സംവിധാനങ്ങൾ, അണ്ടർവാട്ടർ ഡ്രോണുകൾ, ആഴക്കടൽ ആന്റിനകൾ തുടങ്ങിയവ ഉൾപ്പെടുന്ന ഈ നിരീക്ഷണ ശൃംഖലയുടെ സാങ്കേതികവിദ്യകളിൽ ഭൂരിഭാഗവും റഷ്യ സ്വന്തമാക്കിയത് യു.എസിലെയും യൂറോപ്പിലെയും വിതരണക്കാരിൽ നിന്നാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ICIJ കണ്ടെത്തിയത്. സൈപ്രസ് ആസ്ഥാനമായുള്ള മോസ്ട്രെല്ലോ കൊമേഴ്സ്യൽ ലിമിറ്റഡ് എന്ന മുൻനിര കമ്പനിയാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചത്. സാധാരണ ഉപയോഗത്തിനെന്ന വ്യാജേന, കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന മാരിടൈം ഉപകരണങ്ങൾ വാങ്ങി ‘ഹാർമണി’ സംവിധാനത്തിനായി ഉപയോഗിച്ചു. യു.എസിലെ എഡ്ജ്ടെക് (EdgeTech), ആർ2സോണിക് (R2Sonic) തുടങ്ങിയ കമ്പനികളുടെ ഉപകരണങ്ങളും ഇക്കൂട്ടത്തിലുണ്ട്. തങ്ങൾ ശരിയായ പശ്ചാത്തല പരിശോധനകൾ നടത്തിയിരുന്നുവെന്നും ഉപകരണങ്ങൾ റഷ്യ സൈനികാവശ്യത്തിന് ഉപയോഗിക്കുമെന്ന് അറിയില്ലായിരുന്നുവെന്നുമാണ് ഈ കമ്പനികൾ പ്രതികരിച്ചത്.
ഈ സംവിധാനം റഷ്യൻ അന്തർവാഹിനി താവളങ്ങൾക്ക് ചുറ്റുമുള്ള അമേരിക്കയുടെ നിരീക്ഷണ ശേഷി കുറയ്ക്കാൻ സഹായിക്കുമെന്ന് യു.എസ്. പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നു. യു.എസ്, യൂറോപ്യൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പാശ്ചാത്യ രാജ്യങ്ങളുടെ അന്തർവാഹിനികളുടെ സാന്നിധ്യം തിരിച്ചറിയാൻ റഷ്യക്ക് എളുപ്പത്തിൽ സാധിക്കും.
ദുർബലമായ കയറ്റുമതി നിയന്ത്രണങ്ങൾ മുതലെടുത്താണ് മോസ്ട്രെല്ലോ വർഷങ്ങളോളം പ്രവർത്തിച്ചത്. 2021-ൽ സി.ഐ.എ. നൽകിയ സൂചനയെത്തുടർന്ന് ജർമ്മൻ അധികൃതർ നടത്തിയ അന്വേഷണത്തിൽ, നിയമവിരുദ്ധമായ വാങ്ങലുകൾ ഏകോപിപ്പിച്ച അലക്‌സാണ്ടർ ഷൈന്യാകിൻ 2022-ൽ അറസ്റ്റിലായി. ഇയാൾക്ക് അഞ്ച് വർഷം തടവിന് ശിക്ഷ ലഭിക്കുകയും മോസ്ട്രെല്ലോ ഉൾപ്പെടെയുള്ള കമ്പനികൾക്ക് യു.എസ്. ഉപരോധമേർപ്പെടുത്തുകയും ചെയ്തിരുന്നു. സൈനിക ലക്ഷ്യങ്ങൾ മറച്ചുവെച്ച് റഷ്യ നടത്തുന്ന ഇത്തരം രഹസ്യ ഇടപാടുകൾ യു.എസിന് വലിയ സുരക്ഷാ വെല്ലുവിളിയാണ് ഉയർത്തുന്നത്.
Tag: Arctic Secret; Russia’s ‘Harmony’ Surveillance Network to Monitor US Submarines



