കേരളത്തിന്റെ വികസനത്തിന് തടയിടുന്നത് മതാധിഷ്ഠിത സംഘടനകളോ?
തിരുവനന്തപുരം: കേരളത്തിന്റെ വ്യാവസായിക രംഗത്തെ പിന്നോട്ടടിക്കാന്‍ ട്രേഡ് യൂണിയന്കാര് ആസൂത്രണം ചെയ്തിരുന്ന സമരപരിപാടികള്‍ എന്നും നിക്ഷേപകരുടെ പേടിസ്വപ്നമാണ്. പക്ഷേ കോടതികളുടെ സമുചിതമായ ഇടപെടലുകളിലൂടെ പലപ്പോഴും നിക്ഷേപകര്‍ ചെറിയ തോതില്‍ രക്ഷപ്പെട്ടുവരുന്നുണ്ട്. എന്നാല്‍ കുറച്ചുവര്‍ഷങ്ങളായി പല വികസനപദ്ധതികള്‍ക്കും പാരവയ്ക്കുന്നത് കേരളത്തിലെ ചില മതസംഘടനകളാണ്.
കായംകുളം ആണവനിലയത്തിനെതിരെ തുടങ്ങിയ സമരം ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെയും വിഴിഞ്ഞം പദ്ധതിക്കെതിരെയും ഇപ്പോള്‍ വിന്‍ഡ് ടണല്‍ പദ്ധതിക്കെതിരെയുമൊക്കെ ഒരു ആവര്‍ത്തനമായി മാറിയിരിക്കുകയാണ്. എല്‍എന്‍ജി പദ്ധതിക്കെതിരെ മാത്രമാണ് ഒരുപക്ഷേ സമരം മറ്റൊരു മതാധിഷ്ഠിത സംഘടന ഏറ്റെടുത്തത്. കായംകുളം, വിഴിഞ്ഞം പദ്ധതികള്‍ക്കെതിരെയും ഇപ്പോള്‍ ഐഎസ്ആര്‍ഒയുടെ കാര്ഗോയ്ക്കെതിരെയും സമരമുഖത്ത് അണിനിരന്നത് ലത്തീന്‍ സഭയുടെ നേതൃത്വത്തിലാണ്.
ലത്തീന്‍സഭയുടെ നേതൃത്വത്തില്‍ കേരളത്തിന്റെ വികസനപദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. കായംകുളം ആണവപദ്ധതിക്കെതിരെ നടത്തിയ സമരവും വിഴിഞ്ഞം തുറമുഖത്തിനെതിരെ നടത്തിയ സമരവും പാരിസ്ഥിതിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചായിരുന്നു. എന്നാല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാത്രം നടത്തേണ്ട കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ സഭയുടെ നേതൃത്വത്തില്‍ തടസങ്ങളുണ്ടാക്കാന്‍ ശ്രമിച്ചിരിക്കുന്നത്.
ട്രേഡ് യൂണിയന്കാര് തങ്ങള്‍ക്കു പറ്റിയ പണിയല്ല ഇതെന്നു തിരിച്ചറിഞ്ഞു പിന്മാറിയിടത്താണ് പ്രദേശവാസികള്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്. ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന കരങ്ങള്‍ കണ്ടെത്താന്‍ ഔദ്യോഗികതലത്തില്‍ വിശദമായ അന്വേഷണം നടത്തിയേപറ്റൂ. വേളി ലേബര്‍ വെയല്‍ഫെയര്‍ സര്‍വീസ് സൊസൈറ്റി എന്ന സംഘടനയാണ് ടണ്ണിന് രണ്ടായിരം രൂപ വീതം നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ലത്തീന്‍ സഭയുടെ നിയന്ത്രണത്തിലുള്ള സംഘടനയാണ് വേളി ലേബര്‍ വെല്‍ഫെയര്‍ സര്‍വീസ് സൊസൈറ്റി.
വളരെ കാലമായി ഇവര്‍ വിക്രം സാരാഭായ് സ്പേസ് സെന്ററിലെത്തുന്ന ചരക്ക് വാഹനങ്ങളില്‍ നിന്നും നോക്കുകൂലി ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മിനി ട്രെയിന്‍ പദ്ധതിക്കായി കൊണ്ടു വന്ന ബോഗികള്‍ക്ക് കൂടുതല്‍ കൂലി ആവശ്യപ്പെട്ടത് പ്രശ്നത്തിന് ഇടയാക്കിയിരുന്നു. മിനിയേച്ചര്‍ ട്രെയിനിന്റെ എഞ്ചിനും മൂന്ന് ബോഗികളും ഇറക്കാന്‍ 65,000 രൂപയാണ് തൊഴിലാളികള്‍ ചുമട്ടുകൂലിയായി ആവശ്യപ്പെട്ടത്. ഐഎന്‍ടിസിയുസി, സിഐടിയു, ബിഎംസ് തുടങ്ങി ഏഴ് തൊഴിലാളി യൂണിയനുകളാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. തൊഴിലാളികള്‍ നേരിട്ടല്ല, ക്രെയിന്‍ ഉപയോഗിച്ചാണ് ബോഗികള്‍ ഇറക്കുന്നത്, അതിനാല്‍ കൂലി നല്‍കാനാവില്ലെന്ന് കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റി നിലപാടെടുത്തു. കമ്പനി സ്വന്തം നിലയില്‍ ക്രെയിന്‍ ഉപയോഗിച്ച് ബോഗികള്‍ ഇറക്കാനും തീരുമാനിച്ചു.
ഇതോടെയാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്. ക്രെയിന്‍ ഉപയോഗിച്ച് ഇറക്കുന്നതിന് തൊഴിലാളികള്‍ക്ക് കൂലി നല്കാന് വ്യവസ്ഥയില്ല. എന്നാല്‍ ലോഡിറക്കാന്‍ അനുവദിക്കില്ലെന്ന തൊഴിലാളികള്‍ ഉറച്ചുനിന്നു. ചെറിയ തുകയല്ല, നാടിന്റെ അഭിമാനമായ ഐഎസ്ആര്‍ഒയോട് ചോദിച്ചത്. വിഎസ്എസ്സിയിലേക്ക് ഉപകരണങ്ങളുമായെത്തിയ ചരക്ക് വാഹനം പ്രദേശവാസികള്‍ തടഞ്ഞത് നോക്കുകൂലിയായി 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടാണ്. പോലീസും പ്രദേശവാസികളും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഇതിലേക്കെത്തിച്ച കാരണങ്ങള്‍ ഇപ്പോള്‍ പരഹരിച്ചില്ലെങ്കില്‍ വളരെ വലിയ വിപത്തായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇല്ലായ്മകളില്‍ നിന്ന് വളര്‍ന്ന് പന്തലിച്ചതാണ് രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ ഐഎസ്ആര്‍ഒ. ഡോ. വിക്രം സാരാഭായിയുടെ സ്വപ്നങ്ങളും ഡോ. ഹോമി ജെ. ഭാഭയുടെ പിന്തുണയും ചേര്‍ന്ന് അടിത്തറ പാകിയ ഐഎസ്ആര്‍ഒയുടെ സ്വപന്ങ്ങള് മുളച്ച് പടര്‍ന്നത് കേരളത്തിലെ ഒരുകൊച്ചുഗ്രാമത്തിലായിരുന്നു. തുമ്പയില്‍ ഒരു കുന്നുപുറത്തെ ദേവാലയത്തില്‍. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് കേരളത്തിലെ തുമ്പയെന്ന ചെറുഗ്രാമത്തിലേക്ക് വിക്രം സാരാഭായിയുടെ കണ്ണെത്താന്‍ കാരണം.
ഭൗമാന്തരീക്ഷ പഠനങ്ങള്‍ക്കു പ്രാധാന്യമുള്ള ഇടമാണ് തുമ്പ. ഇവിടത്തെ സെന്റ് മേരീസ് പള്ളിയിലും അതിനോടു ചേര്‍ന്നുള്ള അരമനയിലും സാരാഭായിയുടെ കണ്ണെത്തി. അതു ബഹിരാകാശ ഗവേഷണത്തിനു വിട്ടുതരണമെന്ന് വിക്രം സാരാഭായി അഭ്യര്‍ഥിച്ചപ്പോള്‍ പൂര്‍ണമനസ്സോടെ ബിഷപ് പീറ്റര്‍ ബര്‍നാര്‍ഡ് പെരേര സമ്മതിച്ചു. ഐഎസ്ആര്‍ഒയുടെ ആദ്യ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് ഈ പള്ളിയിലായിരുന്നു. ഇവിടത്തെ ബീച്ചായിരുന്നു ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ തറ. തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനോടു (ടേള്‍സ്) ചേര്‍ന്നുള്ള വിക്ഷേപണത്തറയില്‍നിന്ന് അമേരിക്കന്‍ നിര്‍മ്മിത നൈക്ക് അപ്പാച്ചേ ഉയര്‍ന്നത് 1963 നവംബര്‍ 21ന് ആയിരുന്നു.
ഐഎസ്ആര്‍ഒയുടെ ആദ്യ ഓഫീസ് സെന്റ് മേരീസ് പള്ളി ആയിരുന്നു. ശാസ്ത്രജ്ഞര്‍ താമസിച്ചിരുന്നത് ബിഷപ്പിന്റെ വസതിയിലായിരുന്നു. ഇതെല്ലാം ചരിത്ര സത്യമാണ്. എന്നാല്‍ ചില വിദേശതാത്പര്യങ്ങള് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ താത്കാലികമായി പരിഹരിക്കുന്നതിലുപരി വ്യക്തമായ അന്വേഷണം നടത്തി കലാപകലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കൂട്ടുനില്‍ക്കുന്നവരെ സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടാന്‍ അധികൃതര്‍ തയാറായേ മതിയാവൂ.