Kerala NewsLatest NewsNewsPolitics

അരിയില്‍ ഷുക്കൂര്‍ വധം: സിപിഎമ്മിന്റെ പ്രതിരോധം പൊളിയുന്നു

കണ്ണൂര്‍: സിപിഎം നേതാക്കളായ പി. ജയരാജന്‍, ടി.വി. രാജേഷ് എന്നിവര്‍ക്കെതിരെ നടത്തിയ വധശ്രമത്തില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകരെ വിട്ടയച്ചതോടെ സിപിഎം ഉയര്‍ത്തിയ പ്രതിരോധം പൊളിയുകയാണ്. ഇരുവരെയും ആക്രമിച്ചത് അരിയില്‍ ഷുക്കൂര്‍ എന്ന ലീഗ് പ്രവര്‍ത്തകന്റെ നേതൃത്വത്തിലാണെന്നായിരുന്നു സിപിഎം നേതാക്കള്‍ പറഞ്ഞിരുന്നത്. തന്നെ ആക്രമിച്ചവരില്‍ ഷുക്കൂറും ഉണ്ടായിരുന്നെന്നു പത്രസമ്മേളനത്തില്‍ പി. ജയരാജന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ജയരാജന്റെ പരാതിയിലോ പോലീസ് തയാറാക്കിയ എഫ്ഐആറിലോ ഷുക്കൂര്‍ പ്രതിയായിരുന്നില്ല.

ഷുക്കൂറിന്റേത് ആസൂത്രിത കൊലപാതകമായിരുന്നെന്നാണു 2012 ഓഗസ്റ്റ് 23ന് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. സിപിഎം നേതാക്കളെ തടഞ്ഞതിനു പ്രതികാരമായി പട്ടാപ്പകല്‍ പരസ്യവിചാരണ നടത്തി വധശിക്ഷ നടപ്പാക്കിയെന്നു പോലീസും സിബിഐയും അന്വേഷണത്തില്‍ കണ്ടെത്തി. കേസില്‍ ജയരാജന്‍ 32ാം പ്രതിയും രാജേഷ് 33ാം പ്രതിയുമാണ്. തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ സിപിഎം സംസ്ഥാനനേതാക്കളുടെ സാന്നിധ്യത്തില്‍ ഗൂഢാലോചന നടത്തി ഷുക്കൂറിനെ വധിക്കുകയായിരുന്നു എന്നാണ് അ്‌ന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളത്. ജയരാജനും രാജേഷും സഞ്ചരിച്ച കാര്‍ 2012 ഫെബ്രുവരി 20ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞതിനേത്തുടര്‍ന്ന് ഇരുവരും തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ ചികിത്സ തേടി.

ആശുപത്രിയിലെ 315ാം നമ്പര്‍ മുറിയില്‍ ഇരുവര്‍ക്കുമൊപ്പം സിപിഎം പ്രാദേശികനേതാക്കളായ പി.വി. സുരേശന്‍, കെ. ബാബു, യു.വി. വേണു, എ.വി. ബാബു (28-31 പ്രതികള്‍) എന്നിവരുമുണ്ടായിരുന്നു. ഈ സമയത്താണ് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നറിയിച്ചും രക്ഷിക്കണമെന്ന് അപേക്ഷിച്ചും കെ. ബാബുവിനെ ഷുക്കൂറിന്റെ സുഹൃത്ത് അബ്ദുള്‍ സലാം വിളിച്ചത്. ബാബു ഉടന്‍ സ്ഥലത്തെത്തി. വിവരങ്ങള്‍ വേണുവിനെയും എ.വി. ബാബുവിനെയും ഫോണില്‍ അറിയിച്ചു. നന്നായി കൈകാര്യം ചെയ്യാന്‍ ആശുപത്രി മുറിയില്‍ ജയരാജന്റെയും രാജേഷിന്റെയും സാന്നിധ്യത്തില്‍ തീരുമാനിക്കുകയും നിര്‍ദേശം നല്‍കുകയും ചെയ്തു.

പിന്നാലെ സുരേശനും സംഭവസ്ഥലത്തെത്തി. തുടര്‍ന്നായിരുന്നു ഷുക്കൂറിനെ നിഷ്‌കരുണം വെട്ടിക്കൊന്നത്. സിപിഎം നേതാക്കളെ അക്രമിച്ചെന്ന കേസ് ഷുക്കൂറിനെ കൊല്ലാന്‍ കെട്ടിച്ചമച്ച കഥയാണെന്നു ലീഗ് ആരോപിച്ചിരുന്നു. കേസില്‍ ഹാജരാക്കിയ രേഖകളും ആയുധങ്ങളും വ്യാജമാണ് പ്രതികള്‍ സംഭവസ്ഥലത്തുണ്ടായിരുന്നില്ല എന്നിങ്ങനെയായിരുന്നു പ്രതിഭാഗം വാദം. എന്നാല്‍ അക്കാര്യം തെളിയിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു.

ജനക്കൂട്ടത്തിന്റെ മുന്നിലിട്ടായിരുന്നു ഷുക്കൂറിനെ സിപിഎം ഗുണ്ടകള്‍ വെട്ടിയരിഞ്ഞത്. അതിന് കാരണമായതകാട്ടെ ഒരു കാര്‍ ആക്രമണത്തിന്റെ കഥയും. എന്തായാലും സിപിഎം ചൂണ്ടിക്കാട്ടിയ ലീഗ് പ്രവര്‍ത്തകര്‍ കാര്‍ ആക്രമിക്കുന്നതിന് നേതൃത്വം നല്‍കുകയോ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്ന് കോടതിയില്‍ തെളിഞ്ഞിരിക്കുകയാണ്. കണ്ണൂരിലെ സിപിഎം അപ്രമാദിത്വത്തിനെതിരെ നിയമവാഴ്ച നല്‍കുന്ന താക്കീത് കൂടിയാണ് ഈ വിധിയെന്നാണ് സിപിഎം ഇതരകക്ഷികള്‍ വിലയിരുത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button