ബിനീഷിന് ജാമ്യം കിട്ടിയതില്‍ സിപിഎമ്മിനെ പരിഹസിച്ച് അര്‍ജുന്‍ ആയങ്കി
കൊച്ചി: സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതിനെ പരിഹസിച്ച് അര്‍ജുന്‍ ആയങ്കി. ‘തമ്പ്രാന്റെ മോന്‍ മദ്യം കഴിച്ചാല്‍ അത് കട്ടന്‍ ചായ; വായ് മൂടിക്കെട്ടി മൗനം പാലിക്കല്‍; അടിയാന്റെ മോന്‍ കട്ടന്‍ ചായ കുടിച്ചാല്‍ അത് മദ്യം; നോട്ടീസ് അടിച്ച് വിതരണം ചെയ്യല്‍; നാടു കടത്തല്‍..; നാര്‍ക്കോട്ടിക് ഈ എ ഡേര്‍ട്ടി ബിസിനസ്! എന്ന തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ അര്‍ജുന്‍ ആയങ്കി ബിനീഷിന്റെ ജാമ്യത്തില്‍ ആശ്വാസം കൊള്ളുന്ന സിപിഎം നേതൃത്വത്തെ പരിഹസിക്കുകയാണ്.
ലഹരിമരുന്ന് ഇടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ബിനീഷ് കോടിയേരി ഒരു വര്‍ഷത്തോളം വിചാരണത്തടവില്‍ കഴിഞ്ഞത്. അഞ്ചു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യത്തിനു പുറമേ രാജ്യം വിടരുത്, വിചാരണക്കോടതിയില്‍ കൃത്യമായി ഹാജരാകണം തുടങ്ങിയവയാണു നിബന്ധനകള്‍. 2020 ഒക്ടോബര്‍ 29ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ബിനീഷ് നവംബര്‍ 11 മുതല്‍ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവിലായിരുന്നു.
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതിയാണ് അര്‍ജുന്‍ ആയങ്കി. ജാമ്യം ലഭിച്ചെങ്കിലും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അര്‍ജുന്‍ ആയങ്കിക്ക് സാധിക്കില്ല. കേസില്‍ ഉള്‍പ്പെട്ടതോടെ സിപിഎം നേതൃത്വം പരസ്യമായി അര്‍ജുന്‍ ആയങ്കിയെ തള്ളിപ്പറഞ്ഞിരുന്നു. അര്‍ജുനെതിരെ മൊഴി നല്‍കിയ ഡിവൈഎഫ്‌ഐ മുന്‍ മേഖല സെക്രട്ടറി സജേഷ് അര്‍ജുന്റെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരുന്നു. അറസ്റ്റിലായി മാസങ്ങള്‍ക്ക് ശേഷമാണ് അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചത്.
അര്‍ജുന്‍ ആയങ്കിയുടെ പാര്‍ട്ടി ബന്ധം സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിനിടെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സി. സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കിയിരുന്നു. ഡിവൈഎഫ്ഐ കണ്ണൂര്‍ ചെമ്പിലോട് മേഖലാ സെക്രട്ടറിയാണ് സജേഷ്. സാമൂഹ്യവിരുദ്ധ സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയതിനാണ് നടപടി. അര്‍ജുന്‍ ആയങ്കി കണ്ണൂരിലെ സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നുവെന്ന് വ്യക്തമാകുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
സിപിഎമ്മിനെ മറയാക്കിയാണ് അര്‍ജുന്‍ ആയങ്കി ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ അര്‍ജുന്റെ ജോലി സംബന്ധിച്ച് നാട്ടുകാര്‍ക്കറിയില്ല. പക്ഷേ അഢംബര ജീവിതമായിരുന്നു. ഇതിനിടെയാണ് സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ പ്രചാരകനായുള്ള വളര്‍ച്ച. കൊടി സുനിയുടെ സംഘമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
എടയന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുകൂടിയാണ് അര്‍ജുന്‍. സ്വര്‍ണക്കടത്തും ക്വട്ടേഷനും വരുമാനമാര്‍ഗമായി മാറി. വിവിധ സ്റ്റേഷനുകളില്‍ അര്‍ജുനെതിരെ കേസുകളുണ്ടെന്നും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്തായാലും ബിനീഷിനെതിരെ രംഗത്തുവന്ന അര്‍ജുന്‍ ആയങ്കിയുടെ നിലപാട് രാഷ്ട്രീയ കേരളത്തില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്.