കംബോഡിയ- തായ്‌ലൻഡ് അതിർത്തിയിൽ സായുധ സംഘർഷം; ബോംബാക്രമണം നടത്തിയതായി റിപ്പോർട്ട്

കംബോഡിയയും തായ്‌ലൻഡും തമ്മിൽ അതിർത്തിയിലും നയതന്ത്ര തലത്തിലും സംഘർഷം തീവ്രമാകുന്നു. കംബോഡിയൻ പ്രവിശ്യകളിൽ തായ് സൈന്യം എഫ്-16 പോർവിമാനം ഉപയോഗിച്ച് ബോംബാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. അതേസമയം, തായ്‌ലൻഡിലെ ഗ്യാസ് സ്റ്റേഷൻ കംബോഡിയൻ സൈന്യം ആക്രമിച്ചുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ഇന്ന് പുലർച്ചെയാണ് വടക്കുപടിഞ്ഞാറൻ കംബോഡിയയിലെ ഒദ്ദാർ മീഞ്ചെ മേഖലയിൽ ഏറ്റുമുട്ടൽ ഉണ്ടായത്. തായ് മാധ്യമങ്ങൾ പറയുന്നതുപ്രകാരം, കംബോഡിയൻ സൈന്യം ദീർഘദൂര ബി എം–21 ഗ്രാഡ് റോക്കറ്റുകൾ പ്രയോഗിച്ച പശ്ചാത്തലത്തിലാണ് തായ് സെെന്യം പ്രത്യാക്രമണം നടത്തിയത്. ആക്രമണത്തിൽ രണ്ട് തായ് പൗരന്മാർ കൊല്ലപ്പെടുകയും, രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും അവരുടെ നയതന്ത്ര പ്രതിനിധികളെ പിൻവലിച്ചു. കംബോഡിയയിലെ ആക്രമണങ്ങളെ തായ്‌ലൻഡ് “പ്രത്യാക്രമണം” എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം, തായ് സൈനിക നടപടി സായുധ അധിനിവേശമാണെന്ന് കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റ് ആരോപിച്ചു.
തായ്‌ലൻഡിലെ കംബോഡിയ അതിർത്തിയോട് ചേർന്ന സുരിൻ പ്രവിശ്യയിൽ നിന്ന് 86 ഗ്രാമങ്ങളിലായി 40,000 തായ് പൗരന്മാരെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.
Tag: Armed conflict on Cambodia-Thailand border; Bombing reported