പുതിയ കേരള സർക്കാരിന് ആശംസകൾ; ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു: തോൽവി സമ്മതിച്ച് വി ടി ബൽറാം
തൃത്താല: തൃത്താലയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം ബി രാജേഷ് ലീഡ് തിരിച്ചുപിടിച്ചതോടെ ജനവിധി അംഗീകരിക്കുന്നതായി വി ടി ബൽറാം. പുതിയ കേരള സർക്കാരിന് ആശംസകൾ നേർന്ന് വി ടി ബൽറാം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ജനവിധി അംഗീകരിക്കുന്നതായി അറിയിച്ചത്. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പല സമയത്തും വി ടി ബൽറാം നേരിയ ഭൂരിക്ഷം നേടിയെങ്കിലും അവസാന റൗണ്ടുകളിലേക്കെത്തിയപ്പോൾ എം ബി രാജേഷ് ലീഡ് ഉയർത്തുകയായിരുന്നു. യുഡിഎഫിൻറെ ശക്തി കേന്ദ്രങ്ങളിൽ ബൽറാമിന് തിരിച്ചടിയുണ്ടായി.
വി ടി ബൽറാം തുടർച്ചയായി മൂന്നാം തവണയാണ് തൃത്താലയിൽ നിന്ന് ജനവിധി തേടുന്നത്. 2011 ലാണ് വിടി ബൽറാമിനെ ഇറക്കി യുഡിഎഫ് തൃത്താല പിടിച്ചെടുത്തത്. 2011 ൽ കന്നിയങ്കത്തിൽ സിപിഎമ്മിന്റെ മുതിർന്ന നേതാവ് പി മമ്മിക്കുട്ടിയെ ആയിരുന്നു പരാജയപ്പെടുത്തിയത്. 2016 ൽ സുബൈദ ഇസഹാഖിനെ വലിയ ഭൂരിപക്ഷത്തിൽ ആയിരുന്നു വി ടി ബൽറാം തോൽപിച്ചത്. സാമൂഹ്യ മാധ്യമ ഇടപെടലുകളിലൂടെ തന്നെ ശ്രദ്ധ പിടിച്ച് പറ്റിയ ശങ്കു ടി ദാസാണ് തൃത്താലയിലെ എൻഡിഎ സ്ഥാനാർത്ഥി.
വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സർക്കാരിന്
ആശംസകൾ