ആദ്യ വിവാഹം മറച്ചുവെച്ച് വിവാഹം കഴിച്ചു; നാലുദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു; വീട്ടമ്മ പിടിയില്‍
കോഴിക്കോട്: നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ വീട്ടമ്മ അറസ്റ്റിലായി. ആദ്യ വിവാഹം മറച്ചുവെച്ച് രണ്ടാമത് വിവാഹം കഴിച്ച വീട്ടമ്മ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ എറണാകുളം സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്.
വിവാഹിതയും 13 വയസുള്ള പെണ്‍കുട്ടിയുടെ അമ്മയുമാണ് 35 കാരിയായ വീട്ടമ്മ. ഇവര്‍ ഭര്‍ത്താവുമായി അകന്നു കഴിയുന്നതിനിടെയാണ് ഫേസ്ബുക്കിലൂടെ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയെ പരിചയപ്പെട്ടത്. ഇതോടെ ഇവര്‍ പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയുമായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഈ വിവാഹം നടന്നത്. നേരത്തെ വിവാഹം കഴിച്ചെന്ന വിവരവും, കുട്ടിയുണ്ടെന്ന വിവരവും ഇവര്‍ പുതിയ ഭര്‍ത്താവില്‍ നിന്ന് മറച്ചു വെച്ചു.
ബ്യൂട്ടീഷ്യനായി ജോലി ചെയ്തിരുന്ന ഇവര്‍ ജോലി സംബന്ധമായി കോഴിക്കോട് ആണെന്ന് മാത്രമാണ് വീട്ടുകാരോട് പറഞ്ഞത്. എറണാകുളത്തുള്ള സ്വന്തം വീട്ടുകാരെ അറിയിക്കാതെയായിരുന്നു പുതിയ വിവാഹം നടത്തിയത്. നാലു ദിവസം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇവരുടെ രണ്ടാമത്തെ പ്രസവം നടന്നു. അതിനിടെയിലാണ് യുവതി നേരത്തേ വിവാഹിതയായിരുന്നെന്നും, 13 വയസുള്ള പെണ്‍കുട്ടിയുണ്ടെന്നുമുള്ള വിവരം ഭര്‍ത്താവിന്റെ വീട്ടുകാര്‍ അറിഞ്ഞത്. ഇതോടെയാണ് യുവതി നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് കടന്നു കളഞ്ഞതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ പുതിയ ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതി തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പന്തീരാങ്കാവ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നേരത്തേ ഇവര്‍ രണ്ടു വിവാഹം കഴിച്ചിട്ടുണ്ടെന്നും ഒരു മാസം താമസിച്ച ശേഷം രണ്ടാമത്തെ ഭര്‍ത്താവിനെ ഉപേക്ഷിക്കുകയായിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കുഞ്ഞിനെ ഉപേക്ഷിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു.