രാജ്യത്തെ മൊത്തം കോവിഡ് രോഗബാധിതർ 59.92 ലക്ഷം കവിഞ്ഞു.

രാജ്യത്തെ മൊത്തം കോവിഡ് രോഗബാധിതർ 59.92 ലക്ഷം കവിഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് അവസാന 24 മണിക്കൂറിൽ രാജ്യത്തു സ്ഥിരീകരിച്ചത് 88,600 കൊവിഡ് കേസുകൾ ആണ്.
1,124 പേർ കൂടി ശനിയാഴ്ച മരിച്ചതോടെ രാജ്യത്ത് കൊവിഡ് കവർന്ന മനുഷ്യ ജീവനുകളുടെ എണ്ണം 94,503 ആയി.
രാജ്യത്ത് ഇതുവരെ രോഗമുക്തരായത് 49.41 ലക്ഷത്തിലേറെ പേരാണ്. റിക്കവറി നിരക്ക് 82.46 ശതമാനമായി ഉയർന്നിട്ടുണ്ട്. ആക്റ്റിവ് കേസുകൾ 9,56,402. ഇതുവരെയുണ്ടായ മൊത്തം കേസുകളുടെ 15.96 ശതമാനമാണിത്. രാജ്യത്തെ കൊവിഡ് മരണനിരക്ക് 1.58 ശതമാനം. 9.87 ലക്ഷം സാംപിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചതെന്ന് ഐസിഎംആർ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ കേസുകളിൽ 23 ശതമാനവും മഹാരാഷ്ട്രയിൽ ആണ്. 400ലേറെ പേരുടെ മരണമാണ് സംസ്ഥാനത്തു പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 24 മണിക്കൂറിനിടെ രാജ്യത്തു മരിച്ചവരിൽ 35 ശതമാനത്തിലേറെയും മഹാരാഷ്ട്രയിലാണ്. ഇതുവരെയുള്ള കൊവിഡ് മരണത്തിലും 37 ശതമാനം മഹാരാഷ്ട്രയിൽ ആണ് നടന്നിട്ടുള്ളത്.
പുതുതായി സ്ഥിരീകരിച്ച കേസുകളിൽ 55 ശതമാനവും കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലായാണ്. മഹാരാഷ്ട്ര (20,419 കേസുകൾ), കർണാടക (8,811 കേസുകൾ), ആന്ധ്രപ്രദേശ് (7,293), കേരളം (7,006), തമിഴ്നാട് (5,647) എന്നിവയാണ് ഈ അഞ്ചു സംസ്ഥാനങ്ങൾ.