ഓര്‍ത്തോഡോക്സ് – യാക്കോബായ സഭാതര്‍ക്കം; പ്രശ്നപരിഹാരത്തിനുള്ള കരട് ബില്‍ തയ്യാറായി

ന്യൂഡല്‍ഹി: ഓര്‍ത്തോഡോക്സ് -യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കുന്നതിനുള്ള കരട് ബില്‍ തയ്യാറായി. ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കം ഉണ്ടാകുന്ന സാഹചര്യത്തില്‍ ഭൂരിപക്ഷം നോക്കി തീരുമാനം കൈക്കൊള്ളാം എന്നാണ് കരട് ബില്ലിലെ പ്രധാന വ്യവസ്ഥ. ജസ്റ്റിസ് കെ ടി തോമസിന്റെ അധ്യക്ഷതയില്‍ ഉള്ള സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷനാണ് കരട് ബില്ല് തയ്യാറാക്കിയത്.
2017 ലെ സുപ്രീം കോടതിയുടെ വിധി അനുസരിച്ചു 1934 ലെ സഭാ ഭരണഘടന പ്രകാരം ആണ് പള്ളികളില്‍ ഭരണം നടക്കേണ്ടത് . എന്നാല്‍ സഭാ ഭരണഘടന രജിസ്റ്റര്‍ ചെയ്യപ്പെടാത്ത രേഖ ആയതിനാല്‍, അത് ഉപയോഗിച്ച് പള്ളികളുടെ ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്ന് കരട് ബില്ല് ചൂണ്ടിക്കാട്ടുന്നു.
ഭൂരിപക്ഷം നിശ്ചയിക്കാന്‍ റഫറണ്ടം നടത്തണം എന്ന് നിര്‍ദേശമുണ്ട്. സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഉള്ള മൂന്ന് അംഗ അതോറിറ്റി ആണ് റഫറണ്ടം നടത്തേണ്ടത്. അതോറിറ്റിയുടെ തീരുമാനങ്ങള്‍ എല്ലാ വിശ്വാസികള്‍ക്കും ബാധകം ആയിരിക്കും.
എന്നാല്‍, ഉടമസ്ഥാവകാശം സംബന്ധിച്ച പരാതി ഉയരുന്ന പക്ഷം പള്ളിയില്‍ തങ്ങള്‍ക്ക് ആണ് ഭൂരിപക്ഷം എന്ന് വ്യക്തമാക്കി സഭാ വിശ്വാസികള്‍ക്ക് ജില്ലാ മജിസ്‌ട്രേറ്റിന് കത്ത് നല്‍കാമെന്നും കരട് ബില്ലില്‍ പറയുന്നു.