സ്ത്രീകളെ ശല്യം ചെയ്തു, ‘പ്രാങ്ക് വീഡിയോ’ എടുത്തു; യു ട്യൂബര്‍ പിടിയില്‍
കൊച്ചി: സ്ത്രീകളെ ശല്യം ചെയ്യുന്ന രീതിയിലുളള പ്രാങ്ക് വീഡിയോ എടുത്ത യു ട്യൂബര്‍ പിടിയില്‍. എറണാകുളം ചിറ്റൂര്‍റോഡ് സ്വദേശി ആകാശ് സൈമണ്‍ മോഹനാണ് പൊലീസ് പിടിയിലായത്. സ്ത്രീകളെ ശല്യം ചെയ്തത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പ്രാങ്ക് വീഡിയോ ചിത്രീകരിച്ച് യുട്യൂബില്‍ അപ് ലോഡ് ചെയ്യുകയാണ് ഇയാള്‍ ചെയ്തിരുന്നത് എന്നാണ് നോര്‍ത്ത് പൊലീസ് പറയുന്നത്. എറണാകുളം കച്ചേരിപ്പടിയില്‍ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അശ്ലീല ചേഷ്ടകളും ആംഗ്യ ഭാഷകളും കാണിച്ചെന്നും മോശമായി സംസാരിച്ചെന്നുമായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ്് പൊലീസ് നടപടിയെടുത്തത്.
വില്ലന്‍ ഹബ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിലാണ് ഇയാള്‍ വീഡിയോ അപ്ലോഡ് ചെയ്തിരുന്നത്. ഈ വീഡിയോകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചതായി അറിയിച്ചു. വീഡിയോ ഷൂട്ട് ചെയ്യാന്‍ സഹായിച്ച യുട്യൂബറുടെ സുഹൃത്തുക്കളെയും പൊലീസ് അന്വേഷിക്കുകയാണ്.