പത്തനംതിട്ടയിൽ യുവാക്കളെ ക്രൂരമായി മർദിച്ച സംഭവം; “ദമ്പതികളുടെ പെരുമാറ്റം ബാധ കയറിയ പോലെ” എന്ന് യുവാക്കൾ

കോയിപ്രം ആന്താലിമണ്ണിൽ യുവാക്കളെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികളായ ദമ്പതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. മർദനത്തിനിരയായ യുവാവ് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ, ദമ്പതികളുടെ പെരുമാറ്റം “ബാധ കയറിയ” പോലെയായിരുന്നു എന്ന് പറഞ്ഞു. ജയേഷ് തന്റെ സുഹൃത്തും സഹപ്രവർത്തകനുമാണെന്നും, ഭാര്യ രശ്മിയെ നേരത്തെ പരിചയപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“വീട്ടിലേക്ക് വിളിച്ചുവരുത്തി. സുഹൃത്തിന്റെ വീട്ടിലേക്കാണ് പോകുന്നത് എന്ന് കരുതി എത്തിയപ്പോൾ, സംസാരിക്കുന്നതിനിടെ പെട്ടെന്ന് പെപ്പർ സ്പ്രേ അടിച്ചു. പിന്നാലെ കൈകൾ കെട്ടി കയറിൽ തൂക്കി മർദിച്ചു. അവർ എന്തോ ആഭിചാര ചടങ്ങുകൾ ചെയ്യുന്നതുപോലെ തോന്നി. തമ്മിൽ തൊഴുകയും വിചിത്രമായി സംസാരിക്കുകയും ചെയ്തു. എന്റെ മുറിവിൽ പോലും പെപ്പർ സ്പ്രേ അടിച്ചു. തിരുവോണത്തിന് വൈകുന്നേരമാണ് സംഭവം. ഏകദേശം ഒന്നര മണിക്കൂറോളം പീഡനം തുടർന്നു. പറഞ്ഞത് കേട്ടില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഭവം വെളിപ്പെടുത്തിയാൽ വീട്ടുകാരെ കൊല്ലുമെന്നും പറഞ്ഞു. അപകടം സംഭവിച്ചതാണ് എന്ന് മാത്രമേ പറയാവൂ എന്നും നിർബന്ധിച്ചു. ദൃശ്യങ്ങൾ അവരുടെ കയ്യിലുണ്ട്. എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നായിരുന്നു എന്റെ ആഗ്രഹം,” യുവാവ് പറഞ്ഞു.
സംഭവശേഷം അദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പ്രതികൾക്ക് മാനസിക വൈകല്യമുണ്ടെന്നാണു പോലീസിന്റെ വിലയിരുത്തൽ. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തിൽ 23 സ്റ്റാപ്ലർ പിനുകൾ അടിച്ചതായും, രശ്മിയുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിപ്പിച്ച് അത് വീഡിയോയായി പകർത്തിയ ശേഷമാണ് മർദനം നടത്തിയതെന്നും പോലീസ് വ്യക്തമാക്കി. യുവാവിന്റെ പക്കൽ ഉണ്ടായിരുന്ന പണവും ഐഫോണും പ്രതികൾ കവർന്നെടുത്തതായും കണ്ടെത്തി.
ഇത് പ്രതികൾ നടത്തിയ ആദ്യത്തെ ആക്രമണമല്ലെന്നും, സമാനമായ രീതിയിൽ മറ്റൊരാൾക്കും അവർ ഉപദ്രവം നടത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. കഴിഞ്ഞ തിരുവോണത്തിലാണ് പത്തനംതിട്ട സ്വദേശിയായ യുവാവിന് ക്രൂരമായ മർദനം ഏൽക്കേണ്ടി വന്നത്. ആലപ്പുഴ സ്വദേശിയായ മറ്റൊരു യുവാവിനും സമാന അനുഭവം ഉണ്ടായിരുന്നുവെങ്കിലും, അദ്ദേഹം കേസ് കൊടുക്കാൻ തയ്യാറായില്ല. എന്നാൽ പത്തനംതിട്ട സ്വദേശിയായ യുവാവ് ഉടൻ തന്നെ പോലീസിൽ പരാതി നൽകി.
Tag: Incident of brutal beating of youths in Pathanamthitta; Youths say “The couple’s behavior is like a plague