പൊലീസിനെയും നാട്ടുകാരെയും ആക്രമിക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍
കടയ്ക്കല്‍: പൊലീസിനെയും നാട്ടുകാരെയും ആക്രമിക്കാന്‍ ശ്രമിച്ച കൊലക്കേസ് പ്രതി ഉള്‍പ്പെടെ അഞ്ചംഗ സംഘം പിടിയില്‍. ചടയമംഗലം കുരിയോട് കുന്നുംപുറത്ത് വീട്ടില്‍ ലിജു (30), അമ്ബിളി ഭവനില്‍ അമ്ബിളിക്കുട്ടന്‍ (28), കണ്ണന്‍കോട് ഹസീനാ മന്‍സിലില്‍ സിയാദ് (25), ചാറയം ചരുവിള വീട്ടില്‍ സജീര്‍ (26), ഷൈന്‍ (27) എന്നിവരാണ് പിടിയിലായത്. ഇടത്തറ കരവാരത്തായിരുന്നു സംഭവം. അറസ്റ്റിലായ ലിജു നിലമേല്‍ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമാണ്. പിടിയിലായ മറ്റുള്ളവരുടെ പേരിലും നിരവധി കേസുകള്‍ നിലവിലുള്ളതായി പൊലീസ് പറഞ്ഞു.
അമിത വേഗത്തില്‍ മദ്യപിച്ച് കാറില്‍ വന്ന ലിജു കരവാരത്ത് വൈദ്യുതി തൂണ്‍ ഇടിച്ച് തകര്‍ത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. തൂണ്‍ റോഡിന് കുറുകെ ഒടിഞ്ഞു വീണു. നാട്ടുകാര്‍ ഇയാളെ തടഞ്ഞുനിര്‍ത്തി പൊലീസിനെയും വൈദ്യുതി ബോര്‍ഡ് അധികൃതരെയും വിവരമറിയിച്ചു. ഇതേസമയം ലിജു സുഹൃത്തുക്കളായ മറ്റ് പ്രതികളെയും വിളിച്ചുവരുത്തി.
സ്ഥലത്തെത്തിയ വൈദ്യുതി ബോര്‍ഡ് ജീവനക്കാരും നാട്ടുകാരുമായി പ്രതികള്‍ വാക്കുതര്‍ക്കവും സംഘര്‍ഷവുമുണ്ടായി. അപ്പോഴേക്കും എസ്.ഐ അജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. അക്രമിസംഘത്തെ ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റാനുള്ള ശ്രമത്തിനിടെ പൊലീസിന് നേരെയും ആക്രമണമുണ്ടായി.
ഇതിനിടെ സി.പി.ഒ രജിത്തിന്റെ കൈവിരല്‍ ജീപ്പിന്റെ വാതിലിനിടയില്‍പെട്ട് ഒടിഞ്ഞു. അപകടത്തില്‍പെട്ട വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.