7 മണിക്കൂര്‍ വരെ ലഹരി, വാഹനപരിശോധനയില്‍ പിടിക്കപ്പെടില്ല, മെഡിക്കല്‍ ഷോപ്പിലെ യുവതിയെ പ്രണയിച്ച് ഗുളിക കൈക്കലാക്കി സംഘം
ചങ്ങനാശേരി: മയക്കുമരുന്നു ഗുളികയുമായി യുവാക്കളെ പിടികൂടി. മന്ദിരം കവലയില്‍ നിന്നാണ് യുവാക്കളെ പിടികൂടിയത്. തെള്ളകം സ്വദേശി കാട്ടുക്കുന്നേല്‍ രഞ്ചു (31), പെരുമ്ബായിക്കാട് സ്വദേശി ചിറ്റിനിക്കാലായില്‍ ലിജുമോന്‍ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഡോക്ടറുടെ പ്രത്യേക കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാനസികരോഗികള്‍ക്ക് വിതരണം ചെയ്യുന്ന മാരകശേഷിയുള്ള നിട്രാസെപ്പാം 100 ഗുളികകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഇവര്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. സ്‌കൂള്‍ കോളേജ് കുട്ടികള്‍ക്ക് 6 രൂപ വിലയുള്ള ഗുളിക 100 രൂപയ്ക്കാണ് വില്‍പ്പന നടത്തുന്നത്.
കോട്ടയം എക്സൈസ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സൂരജിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. ഫേസ്ബുക്കില്‍ പരിചയപ്പെട്ട മെഡിക്കല്‍ ഷോപ്പിലെ യുവതിയുമായി പ്രണയം നടിച്ചാണ് ഗുളിക കൈക്കലാക്കിയതെന്നാണ് ഇവര്‍ പറഞ്ഞത്. ഇതിനു പിന്നിലുള്ളവരെ ഉടനെ പിടികൂടുമെന്ന് അധികൃതര്‍ പറഞ്ഞു.
ഒരു ഗുളിക കഴിച്ചാല്‍ 7 മണിക്കൂര്‍ വരെ ലഹരിയിലായിരിക്കും. വാഹനപരിശോധനയില്‍ പിടിക്കപ്പെടില്ലെന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ വ്യാപകമായി നിട്രാസെപ്പാം ഉപയോഗിച്ചുവരുന്നുണ്ട്. എക്സൈസ് ഷാഡോ ടീം അംഗങ്ങളായ മാമ്മന്‍ ശാമുവേല്‍, പി ആര്‍ രതീഷ് എന്നിവര്‍ ആഴ്ചകളായി ഇവരെ പിന്തുടരുകയായിരുന്നു.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.