മരുമകന് വീട്ടില്‍ വരുമ്പോഴെല്ലാം മോഷണം; കയ്യോടെ പൊക്കി പോലീസ്
കാസര്‍ക്കോട്: ഭാര്യയുടെ വീട്ടില്‍ നിന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. സംഭവത്തില്‍ ഉദുമ കുണ്ടോളംപാറയിലെ പിഎം മുഹമ്മദ് കുഞ്ഞി (38)യെയാണ് പോലീസ് പിടികൂടിയത്. ഭാര്യാ പിതാവ് അബ്ദുള്ളക്കുഞ്ഞിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ബേക്കല്‍ എസ്ഐ സാജു തോമസും സംഘവുമാണ് പ്തിയെ അറസ്റ്റ് ചെയ്തത്. മരുമകന് വിരുന്നു വരുമ്പോഴെല്ലാം മോഷണം പോയിരുന്നു എന്നും 2019 ജൂലൈ മുതല്‍ പലപ്പോഴായി രണ്ടര ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളും പണവും വീട്ടില്‍ നിന്ന് മോഷണം പോയിരുന്നു എന്നും അബ്ദുള്ളക്കുഞ്ഞി പറഞ്ഞു. മകളുടെ ഭര്‍ത്താവ് വിരുന്നു വന്നു മടങ്ങിപ്പോയ ശേഷമായിരുന്നു എല്ലായ്പ്പോഴും പണവും പണ്ടവും നഷ്ടപ്പെട്ടിരുന്നത്.
മോഷ്ടാവിനെ കണ്ടെത്താനാകാതെ വീട്ടുകാര്‍ വലഞ്ഞതോടെ ചില ബന്ധുക്കള്‍ മരുമകനെ നിരീക്ഷിക്കാന്‍ തുടങ്ങി. കഴിഞ്ഞ മാസം 29നും ഈ വീട്ടില്‍ മോഷണം നടന്നു. ഇതേ തുടര്‍ന്ന് അബ്ദുള്ളക്കുഞ്ഞി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ശേഷം മരുമകനെ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്.