കാമുകിയെ സ്വന്തമാക്കാന്‍ കാക്കി വേഷമിട്ടു; പോലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ യുവാവ് പിടിയില്‍
ദില്ലി: കാമുകിയെ സ്വന്തമാക്കാന്‍ കാക്കി വേഷമിട്ട് നടന്ന യുവാവിനെ പോലീസ് പിടികൂടി. മഥുര സ്വദേശിയായ അജയ് എന്ന 20 കാരനെ പോലീസ് അറസ്റ്റ് ചെയ്തത്.
ദില്ലിയിലെ ദ്വക്ര പ്രദേശത്തെ ഒരു ഹോട്ടലില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. ഉത്തര്‍ പ്രദേശിലെ ദില്ലിയിലുള്ള കാമുകിയെ കാണാനെത്തിയതായിരുന്നു യുവാവ്.
പെണ്‍കുട്ടിയെ സ്വന്താമാക്കാനായാണ് പോലീസ് വേഷത്തിലെത്തിയത്. കാമുകിയോട് താന്‍ ഉത്തര്‍പ്രദേശ് പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ ഹോട്ടലില്‍ മുറിയെടുക്കുന്നതിനിടെ ഹോട്ടല്‍ മാനേജര്‍ക്ക് സംശയം തോന്നി പൊലീസില്‍ അറിയിക്കുകയായിരുന്നു.
യുവാവിന്റെ മുറി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഇയാളുടെ റൂമില്‍ നിന്നും യുപി പൊലീസിന്റെ രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകളും ഒരു യൂണിഫോമും കണ്ടെത്തി. എന്നാല്‍ എന്നാണ് പരിശീലനം പൂര്‍ത്തിയായത്, ഏത് സ്റ്റേഷനിലാണ് പോസ്റ്റിംഗ് ലഭിച്ചത്, എത്രകാലമായി പോലീസ് സേനയിലുണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് യുവാവ് മറുപടി നല്‍കിയില്ല.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ സഹാബാദ് മുഹമ്മദ്പൂര്‍ പ്രദേശത്ത് ജലവിതരണം നടത്തുന്ന ആളാണെന്ന് പൊലീസ് കണ്ടെത്തിയത്. യുവാവിനെതിരെ ദ്വാരക സൗത്ത് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.