ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: സിറോ മലബാർ സഭയുടെ ശക്തമായ പ്രതിഷേധം

ഛത്തീസ്ഗഡിലെ ദുര്‍ഗിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സിറോ മലബാർ സഭ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. കന്യാസ്ത്രീകളുടെ അറസ്റ്റ് നിയമവാഴ്ചയ്ക്ക് വെല്ലുവിളിയാണെന്നും, സഭാവസ്ത്രം ധരിച്ച് പോലും യാത്ര ചെയ്യാൻ ഭയപ്പെടേണ്ട സാഹചര്യം രാജ്യത്ത് നിലനിൽക്കുന്നുവെന്നും സഭ ആരോപിച്ചു. നിയമസംവിധാനങ്ങൾ പക്ഷപാതപരമായി പെരുമാറുകയാണെന്നും സഭ പ്രസ്താവിച്ചു.
സിസ്റ്റർ വന്ദനയും സിസ്റ്റർ പ്രീതിയും ആവശ്യമായ എല്ലാ രേഖകളോടും കൂടി യാത്ര ചെയ്തിരുന്നുവെന്ന് സഭ വ്യക്തമാക്കി. “ആൾക്കൂട്ട വിചാരണയും ദുരാരോപണങ്ങളും നടക്കുകയാണ്. ഭരണഘടനയ്ക്ക് മീതെ സംഘടനകളും ആൾക്കൂട്ടങ്ങളും വളരുന്ന സാഹചര്യം ആശങ്കാജനകമാണ്. സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ വേണം,” എന്നും സഭ ആവശ്യപ്പെട്ടു.
അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി, സിസ്റ്റർ വന്ദന എന്നിവരാണ് അറസ്റ്റിലായത്. 19 മുതൽ 22 വയസ്സുവരെ പ്രായമുള്ള നാരായൻപൂർ സ്വദേശിനികളായ മൂന്ന് യുവതികളോടൊപ്പമാണ് അവർ സഞ്ചരിച്ചിരുന്നത്.
റെയിൽവേ സ്റ്റേഷനിൽ എത്തിയ ബജ്രംഗ്ദൾ പ്രവർത്തകർ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടക്കുന്നുവെന്ന് ആരോപിച്ച് കന്യാസ്ത്രീകളെ തടഞ്ഞുവെച്ചു. തുടർന്ന് റെയിൽവേ പൊലീസ് ഇടപെട്ട് ഇരുവരെയും അറസ്റ്റ് ചെയ്തു.
പെൺകുട്ടികൾ കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോകുകയാണെന്നും, രക്ഷിതാക്കളുടെ അനുമതിപത്രവും തിരിച്ചറിയൽ രേഖകളും കൈവശമുണ്ടെന്നും വ്യക്തമാക്കി. അവർ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും വ്യക്തമാക്കിയെങ്കിലും, ബജ്രംഗ്ദളോ പൊലീസോ ഇത് അംഗീകരിച്ചില്ല.
ആരോപണങ്ങൾക്കെതിരെ തെളിവുകൾ ഉണ്ടായിട്ടും, റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് ഇരുകന്യാസ്ത്രീകളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ അടിയന്തര ഇടപെടലുണ്ടാകണമെന്ന് സിറോ മലബാർ സഭ ആവർത്തിച്ചു.
Tag: Arrest of Malayali nuns in Chhattisgarh: Strong protest from Syro Malabar Church