ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി; ആദ്യം വോട്ട് രേഖപ്പെടുത്തിയത് പ്രധാനമന്ത്രി
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. പാര്‍ലമെന്റ് ഭവനത്തിലെ എഫ്-101 മുറിയിലാണ് പോളിംഗ് കേന്ദ്രം ഒരുക്കിയത്. രാവിലെ 10 മണിക്ക് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി വോട്ടു രേഖപ്പെടുത്തി. അദ്ദേഹത്തോടൊപ്പം കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും രാം മോഹൻ നായിഡുവും ഉണ്ടായിരുന്നു.
രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ വോട്ടെടുപ്പ് തുടരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും യു.പി.എ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിയും രാവിലെ 11 മണിയോടെ വോട്ടു ചെയ്യുമെന്നാണ് വിവരം. ലോക്‌സഭയും രാജ്യസഭയും ചേര്‍ന്ന എംപിമാരാണ് വോട്ട് ചെയ്യുന്നത്. നോമിനേറ്റഡ് അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ട്. വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം വൈകിട്ട് 6 മുതല്‍ എണ്ണല്‍ തുടങ്ങും.
മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ (67) ആണ് ഭരണകക്ഷിയായ എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി. പ്രതിപക്ഷം സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡി (79) യെയാണ് മത്സരത്തിന് ഇറക്കിയിരിക്കുന്നത്. വോട്ടെടുപ്പ് രഹസ്യ ബാലറ്റിലൂടെയാണ് നടക്കുന്നത്. അതിനാല്‍ ക്രോസ് വോട്ടിംഗിന് സാധ്യതയുണ്ടെന്നും, സ്വന്തം വോട്ടുകള്‍ ഉറപ്പാക്കിയും എതിര്‍ വോട്ടുകള്‍ നേടാനും ഭരണ-പ്രതിപക്ഷ ക്യാമ്പുകള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ആകെ 781 അംഗങ്ങളാണ് വോട്ടവകാശമുള്ളത്. ഇതില്‍ 391 വോട്ടുകള്‍ നേടുന്നവന്‍ ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയാകും. എന്നാല്‍ രാജ്യസഭയിലെ 7 അംഗങ്ങളുള്ള ബിജുജനതാദള്‍, 4 അംഗങ്ങളുള്ള ഭാരത് രാഷ്ട്ര സമിതി (ബി.ആര്‍.എസ്), ഒരു അംഗമുള്ള അകാലിദള്‍ എന്നിവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇപ്പോൾ എന്‍.ഡി.എയ്ക്ക് ഇരുസഭകളിലുമായി 427 അംഗങ്ങളാണ് ഉള്ളത്. പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിന്, ആം ആദ്മി പാര്‍ട്ടിയുടെ 12 എംപിമാരെ ഒഴിവാക്കിയാല്‍, 315 വോട്ടുകള്‍ മാത്രമേയുള്ളൂ. ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിക്ക് കുറച്ചെങ്കിലും ക്രോസ് വോട്ടുകള്‍ ലഭിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.
Tag: Voting begins for Vice Presidential election; Prime Minister casts his vote first