CinemaKerala NewsLatest News

ജോര്‍ജുകുട്ടിയുടെ കരണത്തടിച്ച ഗീത പ്രഭാകര്‍ നാടുവിട്ടു

ലാലേട്ടന്‍ ഫാന്‍സിനെ പേടിച്ച്‌ ഗീത പ്രഭാകര്‍ കേരളം വിട്ടിരിക്കുകയാണ്. പുറത്തിറങ്ങിയാല്‍ തല്ലുകിട്ടുമെന്ന് പേടിച്ച്‌ ഒളിവില്‍ കഴിയുന്ന ഗീത പ്രഭാകറെ ഇപ്പോള്‍ കണ്ടുകിട്ടിയിട്ടുണ്ട്’. സമൂഹമാധ്യമങ്ങളില്‍ നടി ആശ ശരത് പങ്കുവച്ച വിഡിയോയുടെ അടിക്കുറിപ്പ് ആണിത്.

തന്റെ മേക്കപ്പ്മാന്‍ പകര്‍ത്തിയ വിഡിയോ ആണ് നടി പങ്കുവച്ചത്. ഇതിനകം തന്നെ ഈ വിഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

‘ലാലേട്ടന്‍ ഫാന്‍സ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഗീത പ്രഭാകറിനെ തമിഴ്‌നാട്ടില്‍വച്ച്‌ കണ്ടുകിട്ടിയിട്ടുണ്ട്. ഇവിടെ എന്തോ ഇഡ്ഡിലി പാത്രം മേടിക്കാന്‍ വന്നതാണെന്നു തോന്നുന്നു’- വിഡിയോയില്‍ മേക്കപ്പ്മാന്‍ പറയുന്നു. കേരളത്തില്‍ നിന്നും ഒളിച്ചു നടക്കുകയാണോ എന്ന ചോദ്യത്തിന് മറുപടി നിഷ്‌കളങ്കമായ പുഞ്ചിരിയി മാത്രം.

പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങിനായി പൊള്ളാച്ചിയിലെത്തിയതാണ് ആശാ ശരത്. അതിനിടെ വീട്ടിലേയ്ക്കുള്ള കുറച്ച്‌ സാധനങ്ങള്‍ മേടിക്കുന്നതിനിടെ പകര്‍ത്തിയ വിഡിയോ ആണിത്. അന്‍പ് അറിവ് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. പാപനാശം, തൂങ്കാവനം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആശ ശരത് അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.

ദൃശ്യം രണ്ടിലും മികച്ച പ്രകടനമാണ് ആശ ശരത് കാഴ്ചവച്ചിരിക്കുന്നത്. താരത്തിന്റെ കരുത്തുറ്റ പൊലീസ് ഓഫീസര്‍ കഥാപാത്രമായ ഗീതാ പ്രഭാകറിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഇടയില്‍ നിന്നും ലഭിച്ചിരിക്കുന്നത്.

ദൃശ്യം 2 കണ്ട ഒരു സ്ത്രീയുടെ പ്രതികരണ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജോര്‍ജ്ജുകുട്ടിയുടെ മുഖത്തടിച്ച ഗീതക്കിട്ട് ഒന്ന് പൊട്ടിക്കണമെന്നായിരുന്നു സ്ത്രീയുടെ കമന്റ്. രസകരമായ വിഡിയോ ആശയുടേയും ശ്രദ്ധയില്‍ പെട്ടിരുന്നു. പുറത്തിറങ്ങിയാല്‍ ജോര്‍ജുകുട്ടി ഫാന്‍സിന്റെ അടികിട്ടുമോ ആവോ എന്ന് വിഡിയോ പങ്കുവച്ചു കൊണ്ട് ആശ ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രസകരമായ അടുത്ത വിഡിയോയുമായി ആശ എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button