Kerala NewsLatest NewsNewsPolitics

ശോഭാ സുരേന്ദ്രന്റെ ക്ഷണം; ആ ഗതികേട് വന്നാല്‍ അന്ന് ഈ പാര്‍ട്ടി പിരിച്ചുവിടും; എം കെ മുനീര്‍

മുസ്​ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ച ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍െറ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി എം.കെ മുനീര്‍. ബി.ജെ.പിയെ പോലുള്ള ഫാഷിസ്റ്റ്‌ കക്ഷിയോട് ഏതെങ്കിലും കാലത്ത് കൂട്ടു കക്ഷിയായി മാറേണ്ട ഗതികേട് വരുമെങ്കില്‍ അന്ന് ഈ പ്രസ്ഥാനം പിരിച്ചു വിടുന്നതായിരിക്കും അഭികാമ്യമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഞങ്ങളുടെ പാര്‍ട്ടിയെ ദേശീയത പഠിപ്പിക്കാന്‍ ബി.ജെ.പിക്കെന്ത് അവകാശമാണുള്ളതെന്നും മുനീര്‍ ചോദിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം…………………………

മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ബിജെപി നേതാവ് ശ്രീമതി ശോഭാ സുരേന്ദ്രന്റെ അഭിപ്രായപ്രകടനം ഒരു രാഷ്ട്രീയ ഫലിതമായിട്ടാണ് പാര്‍ട്ടി കാണുന്നത് . ഇന്ത്യയുടെ മഹത്തായ ഭരണഘടന അതിന്റെ സെക്കുലര്‍ മൂല്യങ്ങളോടെ ഇവിടെ നില നില്‍ക്കണമെന്ന് ദൃഢ നിശ്ചയം ചെയ്ത്‌ പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യ പാര്‍ട്ടിയെന്ന നിലയ്ക്ക്, ഭരണഘടനയേയും ജനാധിപത്യത്തെയും സെക്കുലര്‍ സ്വഭാവത്തെയും ശത്രു പക്ഷത്ത് നിറുത്തിയ ബിജെപിയെ പോലുള്ള ഫാഷിസ്റ്റ്‌ കക്ഷിയോട് ഏതെങ്കിലും കാലത്ത് കൂട്ടു കക്ഷിയായി മാറേണ്ട ഗതി കേട് വരുമെങ്കില്‍ അന്ന് ഈ പ്രസ്ഥാനം പിരിച്ചു വിടുന്നതായിരിക്കും അഭികാമ്യമെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു .

ഒപ്പം ഒരു കാര്യം കൂടി ചേര്‍ക്കട്ടെ . ഇന്ത്യയുടെ ഭരണഘടനയുടെ താഴെ ഒപ്പു വെച്ച ഖാഇദേ മില്ലത്ത് ഇസ്മായില്‍ സാഹിബിന്റെ പാര്‍ട്ടിയെ , ഇന്ത്യയുടെ ഭരണഘടനയുടെ ശില്പി ഡോക്ടര്‍ അംബേദ്ക്കറെ ഭരണഘടനാ സമിതിയിലേക്ക് എത്തിച്ച ചരിത്ര നിയോഗം നിര്‍വ്വഹിച്ച ഞങ്ങളുടെ പാര്‍ട്ടിയെ ദേശീയത പഠിപ്പിക്കാന്‍ ബിജെപിക്കെന്ത് അവകാശമാണുള്ളത് എന്ന് കൂടി സാന്ദര്‍ഭികമായി ഞങ്ങള്‍ അങ്ങോട്ട് ചോദിക്കുകയാണ് . ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും പാഴ്സിയും ബുദ്ധനും ജൈനനും മതമില്ലാത്തവരും എല്ലാം ഉള്‍പ്പെടുന്ന ബഹുസ്വരതയുടെ ദേശീയതയാണ് ലീഗിന്റെ ദേശീയത .

നിങ്ങളുടെ ദേശീയതയും രാഷ്ട്ര സങ്കല്‍പ്പവും നിങ്ങള്‍ മാത്രമുള്ള ദേശമെന്ന സങ്കുചിത ചിന്തയുടെ സങ്കല്പങ്ങളാണ് . അതിന് ഇന്ത്യയുടെ ഭരണ ഘടനയിലോ പാരമ്ബര്യത്തിലോ ഒരു സ്ഥാനവുമില്ല . അത് മറ്റുള്ളവരെ പഠിപ്പിക്കാന്‍ വരുന്നതിനു മുന്‍പ് നിങ്ങളാദ്യം ഇന്ത്യയെ പഠിക്കുക എന്നേ പറയാനുള്ളു . ലീഗ് എവിടെ നില്‍ക്കണം , എവിടെ നില്‍ക്കരുത് എന്ന് തീരുമാനിക്കാനുള്ള പ്രാപ്തിയും നേതൃത്വവും ലീഗിനുണ്ട്.കോഴിയെ കുറുക്കനെ ഏല്പിക്കേണ്ട ഗതികേട് കേരളത്തില്‍ ഇല്ല !!

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button