കോലെഴുത്തുവായിക്കാന്‍ ആളെത്തേടി എഎസ്‌ഐ
കൊച്ചി: വ്യാജ ചെമ്പോല വായിക്കാന്‍ ആളെത്തേടി അലയുകയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) തൃശൂര്‍ സര്‍ക്കിളിലെ ഉദ്യോഗസ്ഥര്‍. മോന്‍സണ്‍ മാവുങ്കലിന്റെ ശേഖരത്തിലുണ്ടായിരുന്ന ചെമ്പോല കാട്ടിയാണ് ചില മാധ്യമങ്ങള്‍ ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് സമരം നടന്നപ്പോള്‍ ഭക്തരെ തെറ്റിദ്ധരിപ്പിക്കാന്‍ ഇറങ്ങിയിരുന്നത്.
ആ ചെമ്പോല വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വ്യാജ ചെമ്പോല വിവാദത്തില്‍ കേസെടുത്ത ക്രൈംബ്രാഞ്ച് അതില്‍ എന്താണ് എഴുതിയിരിക്കുന്നത് എന്നറിയാന്‍ ഏല്‍പിച്ചത് എഎസ്‌ഐ തൃശൂര്‍ സര്‍ക്കിളിനെയാണ്. കോലെഴുത്ത് വായിക്കാനറിയുന്ന ഉദ്യോഗസ്ഥര്‍ എഎസ്‌ഐയ്ക്ക് കേരളത്തിലില്ല. കോലെഴുത്ത് വിദഗ്ധര്‍ ചെന്നൈയിലും ഉത്തരേന്ത്യയിലുമെല്ലാം ഉണ്ടെങ്കിലും കേരളത്തിലില്ലെന്നാണ് മുതിര്‍ന്ന എഎസ്‌ഐ ഉദ്യോഗസ്ഥര്‍ പറയുന്നത്.
മോന്‍സണിന്റെ പക്കലുണ്ടായിരുന്ന ചെമ്പോലയില്‍ കോലെഴുത്തും വട്ടെഴുത്തും ചേര്‍ന്ന മിശ്രലിപിയാണെന്നാണ് നിഗമനം. ചെമ്പോല വ്യാജമാണോ എന്നറിയാനാണ് വീണ്ടും വായിപ്പിക്കുന്നത്. കോലെഴുത്ത് വായിക്കാനറിയാവുന്ന സ്വകാര്യവ്യക്തികള്‍ കേരളത്തിലുണ്ടെങ്കിലും ആധികാരികമായി ഉറപ്പിക്കാനാണ് എഎസ്ഐ. വിദഗ്ധര്‍ തന്നെ പരിശോധിക്കണം എന്ന് ക്രൈംബ്രാഞ്ച് പറയുന്നത്.
ചെമ്പോല തീട്ടൂരം സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയി, കൂടുതലൊന്നും അറിയില്ലെന്നുമാണു ചീരപ്പന്‍ചിറ കുടുംബം പറയുന്നത്. ദേവസ്വം ബോര്‍ഡിനെതിരായ കേസ് ജയിക്കാനായാണ് തങ്ങളുടെ പക്കലുണ്ടായിരുന്ന ചെമ്പോല തിട്ടൂരം കൊണ്ടുപോയതെന്നും വാമൊഴിയായി കേട്ട ഓര്‍മ മാത്രമാണെന്നും ഇപ്പോഴത്തെ തലമുറ പറയുന്നു.
ഈ സാഹചര്യത്തില്‍ സംഭവം വിവാദമായതോടെയാണു ചെമ്പോലയുടെ യാഥാര്‍ഥ്യമറിയേണ്ട ബാധ്യത സര്‍ക്കാരിനും വന്നിരിക്കുന്നത്. മോന്‍സണിന്റെ പക്കലുണ്ടായിരുന്ന രേഖ തെളിവായി കോടതികളില്‍ സമര്‍പ്പിച്ചിരുന്നോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ലിപി പരിശോധിച്ചാണു കാലപ്പഴക്കം നിര്‍ണയിച്ചതെന്നു പ്രൊഫ. എം.ആര്‍. രാഘവ വാര്യരും ചെമ്പോല വ്യാജമെന്നു ഡോ. എം.ജി. ശശിഭൂഷനും വ്യക്തമാക്കിയതോടെയാണു നിജസ്ഥിതി അറിയാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.