Kerala NewsLatest NewsUncategorized

‘മേക്ക് ഇറ്റ് കൗണ്ട്’; വോട്ട് രേഖപ്പെടുത്തി പൃഥ്വിരാജ്: തുടർ ഭരണമെന്ന് ആസിഫ് അലി, പ്രതീക്ഷയോടെ സിനിമാലോകം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടന്മാരായ പൃഥ്വിരാജും ആസിഫ് അലിയും. മഷി പുരട്ടിയ വിരലിന്റെ ചിത്രത്തിനൊപ്പം ‘മേക്ക് ഇറ്റ് കൗണ്ട്’ എന്ന ക്യാപ്ഷൻ നൽകിയ ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചത്.

കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്നും തുടർച്ച തന്നെ വേണമെന്നും അതിനൊപ്പം മികച്ചത് തന്നെ വേണമെന്നും ആസിഫ് അലി പറഞ്ഞു. യൂത്തിന്റെ പങ്കാളിത്തം എല്ലാ മേഖലയിലും കഴിഞ്ഞ അഞ്ച് വർഷം കണ്ടു. ഞാൻ ഉൾപ്പെടെയുള്ള പുതിയ തലമുറ നമ്മുടെ വോട്ടുകൾ കൃത്യമായി വിനിയോഗിക്കണമെന്നും ആസിഫ് അലി പറഞ്ഞു. ഇടുക്കി കുമ്പൻ കല്ല് സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു ആസിഫിന്റെ പ്രതികരണം.

നടന്മാരായ രാജു, ഇന്നസെന്റ്, നീരജ് മാധവ്, സയനോര ഫിലിപ്പ് തുടങ്ങിയവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. പ്രവചനാതീതമായ തെരഞ്ഞെടുപ്പാണ് ഇതെന്ന് സംവിധായകൻ രൺജി പണിക്കർ പറഞ്ഞു. വോട്ട് ആർക്കാണെന്നുള്ളത് രഹസ്യമായിരിക്കുമല്ലോയെന്നും അവിടെ ചെല്ലുമ്പോഴുള്ള മനസാക്ഷിക്ക് അനുസരിച്ചാണ് വോട്ട് ചെയ്യുകയെന്നും നടൻ രാജു പ്രതികരിച്ചു.

ഇത്തവണ ഒന്നും പ്രവചിക്കാൻ സാധിക്കില്ല. നമ്മൾ മുന്നിൽ ചില കാര്യങ്ങൾ കാണുന്നുണ്ട്. അത് ആരെക്കൊണ്ട് ചെയ്യാൻ പറ്റുമെന്ന ഒരു ധാരണയുണ്ട്. അതുവെച്ചാണ് വോട്ട് ചെയ്യുന്നത്. പ്രത്യേക രാഷ്ട്രീയപാർട്ടിയൊന്നും ഇല്ല. എന്തൊക്കെ പറഞ്ഞാലും അവിടെ ചെന്ന് വോട്ട് ചെയ്യുമ്പോൾ ഒരു മനസാക്ഷിയുണ്ട്, നമുക്ക് ഒരു വികാരമുണ്ട്. അതനുസരിച്ചാവും എല്ലാവരും വോട്ട് ചെയ്യുക, രാജു പറഞ്ഞു.

‘നമ്മൾ എല്ലാവരിലും ലോകത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശക്തിയുണ്ട്. ഒരു ജനാധിപത്യ സമൂഹത്തിൽ വോട്ട് ആണ് ഏറ്റവും അക്രമരഹിതമായ ആയുധം. നമ്മൾ അത് ഉപയോഗിക്കണം. നമ്മുടെ നാടിന് വേണ്ടി വോട്ട് ചെയ്യുക. ഭാവിയ്ക്ക് വേണ്ടി വോട്ട് ചെയ്യുക’, എന്നാണ് സംവിധായകൻ വൈശാഖ് ഫേസ്ബുക്കിൽ കുറിച്ചത്.

40 മണ്ഡലങ്ങളിലായി 957 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. 27446309 വോട്ടർമാരാണ് കേരളത്തിന്റെ വിധി നിർണ്ണയിക്കാൻ പോകുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 15000 ത്തോളം അധിക പോളിംഗ് ബൂത്തുകളും ഇത്തവണ സജ്ജമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button