അസമിൽ മുതിർന്ന പൗരന്മാർക്ക് ആധാർ കാർഡ് വിതരണം താത്കാലികമായി നിർത്തിവയ്ക്കാൻ മന്ത്രി സഭായോഗ തീരുമാനം
അസമിലെ മുതിർന്ന പൗരന്മാർക്ക് ആധാർ കാർഡ് വിതരണം താത്കാലികമായി നിർത്തിവയ്ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എന്നാൽ പട്ടികജാതി, പട്ടികവർഗം, തേയിലത്തോട്ട തൊഴിലാളികൾ എന്നിവർക്ക് അടുത്ത ഒരു വർഷത്തേക്ക് കൂടി ആധാർ ലഭ്യമാക്കും.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് യോഗത്തിനുശേഷം തീരുമാനം പ്രഖ്യാപിച്ചത്. അനധികൃത കുടിയേറ്റക്കാർക്ക് ആധാർ ലഭിക്കുന്നത് തടയുന്നതിനുള്ള “സംരക്ഷണ നടപടിയാണിത്” എന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ആധാർ രജിസ്ട്രേഷൻ 103% പൂർത്തിയായതായി മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പട്ടികജാതി, പട്ടികവർഗം, തേയിലത്തോട്ട മേഖലകളിലെ ജനങ്ങളിൽ രജിസ്ട്രേഷൻ 96% മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“കഴിഞ്ഞ ഒരു വർഷമായി അതിർത്തി വഴി കടന്നുവരുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടിയിട്ടുണ്ട്. ഇന്നലെയും ഏഴ് പേരെ തിരിച്ചയച്ചു. എന്നാൽ എല്ലാവരെയും പിടികൂടാനായോ എന്ന കാര്യത്തിൽ ഉറപ്പില്ല. അതിനാൽ ആരും അനധികൃതമായി അസമിൽ പ്രവേശിച്ച് ആധാർ നേടി ഇന്ത്യൻ പൗരന്മാരായി ജീവിക്കാനാകാതിരിക്കാൻ വേണ്ട സംരക്ഷണ സംവിധാനമാണ് ഞങ്ങൾ നടപ്പിലാക്കുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.
ഒക്ടോബർ ഒന്നുമുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ഒരു വർഷത്തിന് ശേഷം, 18 വയസ്സിന് മുകളിലുള്ളവർക്ക് അപൂർവ സാഹചര്യങ്ങളിൽ മാത്രമേ ആധാർ അനുവദിക്കൂ. അത്തരം കേസുകളിൽ ജില്ലാ പൊലീസ്, ഫോറിനേഴ്സ് ട്രൈബ്യൂണൽ റിപ്പോർട്ടുകൾ പരിശോധിച്ചതിന് ശേഷമേ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ആധാർ അനുവദിക്കാൻ അധികാരമുണ്ടാകൂ.
Tag: Assam cabinet decides to temporarily suspend issuance of Aadhaar cards to senior citizens