മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ നിയമസഭാ തെരഞ്ഞെടുപ്പ്, പ്രഖ്യാപനം ഫെബ്രുവരി15ന് ശേഷം

തിരുവനന്തപുരം/ മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നും, പ്രഖ്യാപനം 15ന് ശേഷം ഉണ്ടാകുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പരീക്ഷകളുടേയും റംസാന്റെയും തീയതികൾ അനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുക. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് അഞ്ച് ദിവസത്തിനകം തപാൽവോട്ടിന് അപേക്ഷിച്ചാൽ മതിയെന്നും മീണ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അന്തിമമായ വോട്ടര്‍ പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും. 2020 ഡിസംബര്‍ 31 വരെ ലഭിച്ച അപേക്ഷകള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. ഇനിയും വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകുമെന്ന് ടിക്കാറാം മീണ പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉദ്യോഗസ്ഥര്‍ ജനുവരി അവസാന വാരം സംസ്ഥാനത്ത് എത്തും.
പൊലീസ് വിന്യാസം ഉദ്യോഗസ്ഥ പരിശീലനം സംബന്ധിച്ച തീരുമാനങ്ങള്‍ ഫെബ്രുവരി 15നകം പൂര്‍ത്തിയാക്കും. കേന്ദ്രസേനയുടേയും മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിന്‍റെയും സേവനം സംസ്ഥാനം ആവശ്യപ്പെടുന്നതാണ്. തെരഞ്ഞെടുപ്പ് നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉദ്യോഗസ്ഥര്‍ ജനുവരി 28നോ 30നോ സംസ്ഥാനത്ത് എത്തും. ഫെബ്രുവരി ആദ്യവാരത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷണറും കേരളത്തിലേക്ക് വരുന്നുണ്ട്.