അഴിമതിക്കാരനായ മന്ത്രിക്കെതിരെയല്ല പ്രതിഷേധം;നിലപാട് തിരുത്തി സര്‍ക്കാര്‍.
ന്യൂഡല്‍ഹി: കൈയാങ്കളി കേസില്‍ കെ എം മാണിക്കെതിരെയല്ല പ്രതിഷേധം നടത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍. നിയമസഭയിലുണ്ടായ അക്രമ സംഭവങ്ങള്‍ കണക്കിലെടുത്ത് ഇന്ന് സുപ്രീംകോടതിയില്‍ കേസിന്റെ വാദം നടക്കുകയാണ്. വാദത്തിനിടയിലാണ് നിയമസഭയില്‍ പ്രതിഷേധിച്ചത് കെ എം മാണിക്കെതിരെയാണെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ തിരുത്തി പറഞ്ഞത്.
എന്നാല്‍ എംഎല്‍എമാര്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് പൊതുതാല്‍പര്യത്തിന് നിരക്കുന്നതോണോയെന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. എംഎല്‍എ സഭയ്ക്കകത്ത് തോക്കുപയോഗിച്ചാല്‍ നടപടിയേടുക്കേണ്ടതു നിയമസഭയാണോയെന്നും കോടതി വിമര്‍ശിച്ചു. അന്ന് ഭരണത്തിലുണ്ടായിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെതിരെയായിരുന്നു പ്രതിഷേധമെന്നും കെ. എം മാണിക്കെതിരെ അല്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ കോടതിയില്‍ പറഞ്ഞു.
അഴിമതിക്കാരാനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നതെന്നായിരുന്നു നിയമസഭാ കൈയാങ്കളി കേസില്‍ ആദ്യം വാദം നടന്നപ്പോള്‍ സംസ്ഥന സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു.
സഭാ സംഘര്‍ഷത്തിലെ കേസ് പിന്‍വലിക്കുന്നത് തള്ളിയ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റേയും പ്രതികളുടേയും അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. വാദം തുടരുകയാണ്.