പ്രതിസന്ധിയിലും രാജുവിന്റെ കുടുംബത്തിന് കരുതലിന്റെ ആശ്വാസവുമായി അവർ എത്തി.

കോവിഡ് 19 എന്ന മഹാമാരിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുന്ന ഈ അവസ്ഥയിൽ കേരളത്തിലെ ഹോട്ടൽ തൊഴിലാളികളുടെ മനസ്സിൽ തീരാവേദനയായിമാറിയ കടുത്തുരുത്തി സ്വദേശി രാജുവിന്റെ കുടുംബത്തിന് സഹായവുമായി ഹോട്ടൽ തൊഴിലാളികൾ. കഴിഞ്ഞ പതിനാലു വർഷമായി ഹോട്ടൽ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്ന,രാജു തന്റെ കുടുംബം മുൻപോട്ടു കൊണ്ടുപോകാനാകാത്ത അവസ്ഥയിൽ മറ്റു പോംവഴികൾ ഇല്ലാതെ ജീവനൊടുക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന ഹോട്ടൽ തൊഴിലാളികളുടെ കൂട്ടായ്മയായ UHRSA സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ധനസഹായം സ്ഥലം എം എൽ എ മോൻസ് ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആൻസി ആൽബർട്ട് എന്നിവരുടെ സാന്നിധ്യത്തിൽ UHRSA സംസ്ഥാന പ്രസിഡന്റ് പ്രവീൺ പി പി , കോട്ടയം ജില്ലാ പ്രസിഡന്റ് നിശാന്ത്,ജില്ലാ സെക്രട്ടറി സനോജ് പി കാലായിൽ എന്നിവർ ചേർന്ന് രാജുവിന്റെ കുടുംബത്തിന് കൈമാറി. ജോയിൻ സെക്രട്ടറി ബിനോ കളപ്പുര, ട്രഷറർ അതിൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ബെൽസൺ, ജിബിൻ മറ്റു സംസ്ഥാന ജില്ലാ കമ്മറ്റി അംഗങ്ങൾ ആ നന്മയുടെ കൂട്ടായായ്മയിൽ പങ്കുചേർന്നു.
ചടങ്ങിൽ വെച്ച് കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ഹോട്ടൽ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെടുന്ന നിവേദനം ടൂറിസം മന്ത്രിക്കു നൽകുന്നതിനായി മോൻസ് ജോസഫ് എം എൽ എ ക്ക് കൈമാറി. കോവിഡിന് മുൻപേ ജോലി ചെയ്തവരുടെ കുടിശികയുള്ള ശമ്പളം ലഭ്യമാക്കുക, തൊഴിലാളികളെ അനാവശ്യമായി പിരിച്ചുവിടുന്ന നടപടികൾ ഒഴിവാക്കുക, മിനിമം വേതനം നടപ്പിലാക്കുക, ജോലി സമയം ക്രമീകരിക്കുക, അനൂകൂല്യങ്ങൾ എല്ലാ തൊഴിലാളിക്കും ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുക,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹോട്ടൽ തൊഴിലാളികളുടെ കൂട്ടായ്മയായ UHRSA നിവേദനം നൽകിയത്.