അതിര്‍ത്തി കാക്കാന്‍ പെണ്‍പട; ആതിര ഏക മലയാളി വനിത !
പെണ്ണിനെന്താ കുഴപ്പം , അതെ സ്ത്രീകള്‍ ഓരോ മേഖലയിലും തങ്ങളുടെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ് . ഒരു മേഖലയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടേണ്ടവര്‍ അല്ല വനിതകള്‍ എന്ന് നേരത്തെയും പലരും തെളിയിച്ചിട്ടുണ്ട് . അതൊന്നു കൂടി ഊട്ടി ഉറപ്പിക്കുകയാണ് മലയാളിയായ ധീര സൈനിക ആതിര .വലിയ മാറ്റങ്ങള്‍ സൃഷ്ട്ടിച്ചു കൊണ്ടാണ് ഒരു പറ്റം യുവതികള്‍ കരസേനയിലേക്ക് കടന്നുവന്നരിക്കുന്നത്. അതില്‍ കേരളത്തിനും അഭിമാനികാം .കാരണം ആ കൂട്ടത്തില്‍ കേരളത്തിന്റെ അഭിമാനമായി കായംകുളം പുള്ളിക്കണക്ക് തെക്കേ മങ്കുഴി ഐക്കര കിഴക്കതില്‍ ആതിര കെ പിള്ള എന്ന 25 കാരിയുമുണ്ട് . കരസേനയുടെ അസം റൈഫിള്‍സില്‍ നിയമിതരായ വനിതാ സൈനികരിലെ ഏക മലയാളിയാണ് ആതിര. മധ്യ കശ്മീരിലെ ഗാന്ധര്‍ബാല്‍ ജില്ലയിലെ അതിര്‍ത്തി ചെക്കു പോസ്റ്റുകളില്‍ നിറതോക്കുമായി നിന്ന് രാജ്യത്തെ സംരക്ഷിക്കുകയാണ് ..
ആതിരയുള്‍പ്പെടുന്ന 10 വനിതാ സൈനികര്‍ അടങ്ങുന്ന സംഘം ജോലി നോക്കുന്നത് അസം റൈഫിള്‍സിലെ റൈഫിള്‍ മൂവ്മെന്റ് ജനറല്‍ ഡ്യൂട്ടി തസ്തികയിലാണ് . ഇന്‍ഫര്‍മേഷന്‍ വാര്‍ഫെയര്‍ വിഭാഗത്തിലാണു നിയമനം. അസം റൈഫിള്‍സില്‍ സൈനികനായിരിക്കെ 13 വര്‍ഷം മുന്‍പു മരിച്ച പിതാവ് കേശവപിള്ളയുടെ ജോലിയാണ് ആതിരയ്ക്കു ലഭിച്ചത്. ജോലിയില്‍ പ്രവേശിച്ചിട്ട് അഞ്ചു വര് ഷം ആയി .കുഞ്ഞു നാള് മുതലേ സൈനിക ആകണമെന്ന് ആഗ്രഹിച്ച ആതിര നാഗാലാന്റ്, മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സേവനമുനഷ്ഠിച്ച ശേഷമാണ് കശ്മീരിലേക്കെത്തിയത്.
മങ്കുഴി എല്‍പിഎസ്, കട്ടച്ചിറ ക്യാപ്റ്റന്‍ മെമ്മോറിയല്‍ സ്കുള്, ചാരുംമൂട് പ്രസിഡന്‍സി കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠിച്ചത് . ബിരുദം നേടിയ ശേഷം സൈന്യത്തില്‍ പ്രവേശിക്കുകയായിരുന്നു. സൈനികയാകണമെന്ന അഭിനിവേശവും പിതാവ് കേശവപിള്ള ചെറുപ്പത്തിലേ നല്കിയ പ്രചോദനവും ലക്ഷ്യത്തിലെത്തിച്ചു. ഇവരെ കാണുമ്പോള്‍ അതിര്‍ത്തിയിലെ പെണ്‍കുട്ടികള്‍ക്ക് അഭിമാനമാണ് . അവര്‍ക്കും വളരുമ്പോള്‍ ആതിരയെ പോലെ ആകാനാണ് ആഗ്രഹം . ചുരുക്കം ചിലര്‍ക്ക് അടുക്കാന്‍ ഭയമുണ്ടെങ്കിലും പ്രദേശവാസികളായ സ്ത്രീകളിലും കുട്ടികളിലും ഭൂരിപക്ഷവും സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് പെരുമാറുന്നത് . കുടുംബത്തിലെ അംഗങ്ങളെ പോലെ തന്നെ കരുതുന്നവരുമുണ്ട്’.അതിരയ്ക്ക് മണിപ്പൂരില്‍ വെച്ച് മികച്ച സേവനത്തിനുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട് . 2019 ലെ റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്തും മികവ് തെളിയിച്ചിട്ടുണ്ട്.
മൂന്നു മാസം മുമ്പായിരുന്നു ആതിര നാട്ടില്‍ എത്തിയത് . ലീവ് ലഭിച്ചാല്‍ ഓണത്തോടനുബന്ധിച്ച് നാട്ടിലെത്താമെന്ന പ്രതീക്ഷയിലാണ് ആതിര ഇപ്പോള്‍ . ആതിരയുടെ സൈനിക ജീവിതത്തിന് എല്ലാവിധ കരുത്തും ഭര്‍ത്താവ് സ്മിതീഷ് നല്‍കുന്നുണ്ട്. സൈനികനാകണമെന്ന് ആഗ്രഹിച്ചയാളാണ് സ്മിതീഷ്. രാജ്യത്തെ കാത്തുസൂക്ഷിക്കുന്ന സൈനികയുടെ ജീവിത പങ്കാളിയെന്ന നിലയില്‍ വലിയ അഭിമാനമാണ് ഇദ്ദേഹം . ജയലക്ഷ്മിയാണ് ആതിരയുടെ മാതാവ്. അഭിലാഷ് എന്ന സഹോദരനുമുണ്ട്. ഇവര്‍ രണ്ട് പേരുമുള്‍പ്പെടുന്ന കുടുംബം അതിരയ്ക്ക് പകര്‍ന്ന കരുത്തും ചെറുതല്ല.