കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ ആത്മഹത്യക്കേസിൽ പ്രതിയായ ഭർത്താവ് സതീഷ് ശങ്കറിനെ ക്രൈം ബ്രാഞ്ചിന് കൈമാറി. ഷാർജയിൽ നിന്ന് ഇന്ന് പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് വലിയതുറ പൊലീസിന് കൈമാറി, തുടർന്ന് ഇയാളെ പത്തനംതിട്ട ക്രൈം ബ്രാഞ്ച് യൂണിറ്റിന് കൈമാറുകയായിരുന്നു.
കൊല്ലം ജില്ലാ കോടതി വെള്ളിയാഴ്ച സതീഷിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഉത്തരവിൽ, കൊലപാതകത്തിന് തെളിവുകളൊന്നും നിലവിൽ ഇല്ലെന്നും, തെളിവുകൾ ഉണ്ടായിരുന്നുവെങ്കിൽ ദുബായ് പൊലീസ് തന്നെ അറസ്റ്റ് ചെയ്തേനെയെന്നും കോടതി വ്യക്തമാക്കി. കോൺസുലേറ്റ് നൽകിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം അതുല്യയുടെ മരണം തൂങ്ങിമരണമാണ്.
അതുല്യയുടെ മാതാപിതാക്കൾ കൊലപാതകമാണെന്ന് ആരോപിച്ച സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. മുൻകൂർ ജാമ്യമുള്ളതിനാൽ സതീഷിനെ അറസ്റ്റ് രേഖപ്പെടുത്തി, നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വിട്ടയക്കും. ഇതിനിടെ, കൂടുതൽ തെളിവുകൾ ശേഖരിച്ച് നിയമനടപടികളിലേക്ക് കടക്കാനാണ് അന്വേഷണം സംഘം തീരുമാനിച്ചിരിക്കുന്നത്.
Tag; Athulya’s death; Husband Satish Shankar handed over to Crime Branch