അതുല്യയുടെ ഫോറൻസിക് പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും; മൃതദേഹം നാട്ടിലെത്തിക്കാനായുള്ള നടപടികൾ ആരംഭിച്ചു

ഷാർജയിൽ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ ഫോറൻസിക് പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. അന്വേഷണത്തിൽ നിർണായക മുന്നേറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഫോറൻസിക് ഫലത്തെ അനുസരിച്ചായിരിക്കും ഷാർജ പൊലീസ് തുടർനടപടികൾ സ്വീകരിക്കുക.
അതുല്യയുടെ മരണം അസ്വാഭാവികമാണെന്ന് ആരോപിച്ച് സഹോദരി അഖില നേരത്തെ ഷാർജ പൊലിസിൽ പരാതി നൽകിയിരുന്നു. ഭർത്താവ് സതീഷിനെതിരെ അന്വേഷണത്തിന് ആവശ്യപ്പെട്ടായിരുന്നു പരാതി. ഇതേതുടർന്ന് കേസിൽ കൂടുതൽ വിശദമായ അന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്.
അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനായുള്ള നടപടികളും ബന്ധുക്കൾ ആരംഭിച്ചിട്ടുണ്ട്. ഭർത്താവ് സതീഷ് സഹകരിക്കാത്ത സാഹചര്യത്തിൽ, സഹോദരി അഖിലക്ക് പവർ ഓഫ് അറ്റോർണി നൽകി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
അതേ സമയം, നാട്ടിൽ അതുല്യയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു. തെക്കുംഭാഗം സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസിനെക്കുറിച്ച് കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷിക്കുന്നത്.
ജൂലൈ 19നാണ് അതുല്യയുടെ മരണം റിപ്പോർട്ട് ചെയ്തത്. സംഭവത്തിന് മുൻപു ഭർത്താവിൽ നിന്നുള്ള ക്രൂരമായ ശാരീരികവും മാനസികവുമായ പീഡനങ്ങൾ അതുല്യ അമ്മയെയും സഹോദരിയെയും ഫോണിലൂടെ അറിയിച്ചിരുന്നു.
വർഷങ്ങളായി യുഎഇയിലു ള്ള സതീഷ് ഒന്നര വർഷം മുൻപാണ് അതുല്യയെ ഷാർജയിലേക്ക് കൊണ്ടുപോയത്. അതുല്യ നാട്ടിൽ പോയി മകൾ ആരാധിക (10) യുമായി മൂന്നുമാസം മുൻപ് തിരിച്ചെത്തിയെങ്കിലും മകൾക്ക് അവിടെ പഠിക്കാൻ താൽപര്യമില്ലാത്തതിനാൽ നാട്ടിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. അതുല്യയുടെ വിവാഹം കഴിഞ്ഞിട്ട് 11 വർഷമായി. അതുല്യ അനുഭവിച്ച പീഡനത്തെക്കുറിച്ചുള്ള ശബ്ദ സന്ദേശങ്ങളും സതീഷ് നടത്തിയ ആക്രമണത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെയും കുടുംബാംഗങ്ങളിലൂടെയും പുറത്തുവന്നിരുന്നു.
Tag: Athulya’s forensic report results may be received today; steps have been taken to bring her body home