Kerala NewsLatest News

പെണ്‍കുട്ടിയെ കടന്നു പിടിച്ചു, വസ്ത്രം വലിച്ചു കീറി; കറുത്ത ചായം പൂശി മുഖംമൂടിയിട്ട് അജ്ഞാത സംഘം

വയനാട്: ഒരു നാടിനെ മുഴുവന്‍ ഭീതിയിലാഴ്ത്തി അജ്ഞാത സംഘം. കറുത്ത ചായം പൂശി മുഖം മൂടിയിട്ട് അജ്ഞാത സംഘം വീടുകളില്‍ കയറിയും രാത്രി പുറത്തിറങ്ങുന്നവരെ ആക്രമിച്ചും നാടിനെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വയനാട് പനമരത്താണ് സംഭവം. കഴിഞ്ഞ ദിവസം വീടിനു പുറത്തെ ശുചിമുറിയിലേക്ക് പോകാനിറങ്ങിയ പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയെ മുഖം മൂടി ധരിച്ച ആള്‍ കടന്നുപിടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. പേടിച്ച് പെണ്‍കുട്ടി വീട്ടിനുള്ളിലേക്കു കയറിയതിന് പിന്നാലെ മുഖംമൂടി ധാരി വീടിനുള്ളിലേക്കു കടക്കാന്‍ ശ്രമിച്ചു.

പ്രദേശത്ത് ഈ സമയത്ത് വൈദ്യുതിയുണ്ടായിരുന്നില്ല. ബഹളം കേട്ട് സമീപവാസികള്‍ ഉണര്‍ന്നു. ഇതോടെ പുറത്തു ചാടിയ മുഖംമൂടി ധരിച്ചയാള്‍ കൃഷിയിടത്തിലൂടെ ഓടി മറഞ്ഞു. സംഭവ സമയം കോളനിക്ക് മുന്‍പില്‍ എത്തിയത് ഉയരം കൂടിയ ഒരാളാണെന്നും കറുത്ത പാന്റ്സും ഷര്‍ട്ടും ധരിച്ച ആളാണെന്നും തോളില്‍ ഒരു ബാഗും പുറത്തു കാണാവുന്ന ശരീര ഭാഗങ്ങളില്‍ കറുത്ത എന്തോ തേച്ച് പിടിപ്പിച്ചതായും പെണ്‍കുട്ടി പറയുന്നു. എന്നാല്‍ കൃഷിയിടത്തിലൂടെ ഓടിയത് മൂന്ന് ആളുകളാണെന്നാണ് സമീപവാസികള്‍ പറയുന്നത്. കഴിഞ്ഞയാഴ്ച കായക്കുന്നില്‍ പ്രധാന പാതയോരത്തെ 2 വീടുകളില്‍ കയറി ഭീതി പരത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച നടവയല്‍ പുല്‍പളളി റോഡില്‍ നെയ്ക്കുപ്പ പാലത്തിന് സമീപത്തെ കോളനിയിലും സംഘമെത്തിയത്.

കഴിഞ്ഞ ജൂണ്‍ 10ന് നടന്ന താഴെ നെല്ലിയമ്പം ഇരട്ടക്കൊലപാതക ശേഷം പനമരം പോലീസ് സ്റ്റേഷനു കീഴില്‍ അജ്ഞാത സംഘത്തിന്റെ വിളയാട്ടം തുടര്‍കഥയാവുന്നതും പ്രതികളെ പിടികൂടാന്‍ കഴിയാത്തതും ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. കൊല നടന്ന പ്രദേശത്തെ 4 കിലോമീറ്ററിനുള്ളിലെ വീടുകളിലാണ് സംഘമെത്തുന്നത്. പോലീസ് പട്രോളിങ് ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും അജ്ഞാത സംഘത്തെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒരു നാടിനെ മുഴുവന്‍ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് ഈ അജ്ഞാത സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button