സംസ്ഥാനത്ത് 21 അംഗ മന്ത്രിസഭ; സിപിഎമ്മിനു 12, സിപിഐക്കു നാല് മന്ത്രിമാർ
തിരുവനന്തപുരം: മന്ത്രിസ്ഥാനം വീതം വയ്ക്കുന്നതിലും വകുപ്പു വിഭജനം സംബന്ധിച്ചും എൽഡിഎഫിൽ ധാരണയായതായി സൂചന. ആർക്കൊക്കെ ഏതൊക്കെ വകുപ്പുകൾ എന്ന കാര്യം സിപിഎം ഘടകകക്ഷികളെ അറിയിച്ചതായാണ് അറിയുന്നത്.
ലോക്താന്ത്രിക് ജനതാ ദൾ ഒഴികെയുള്ള ഘടകകക്ഷികൾക്കു മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകാൻ ഇന്നലെ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ധാരണയായിരുന്നു. സിപിഎമ്മിനു പന്ത്രണ്ടും സിപിഐക്കു നാലും മന്ത്രിമാരാവും ഉണ്ടാവുക. കേരള കോൺഗ്രസിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും നൽകും. എൻസിപി, ജനതാ ദൾ എന്നിവയ്ക്ക് ഓരോ മന്ത്രിസ്ഥാനം നൽകും. ശേഷിച്ച രണ്ടു മന്ത്രിസ്ഥാനങ്ങൾ ഊഴമിട്ട് കേരള കോൺഗ്രസി ബി, ജനാധിപത്യ കേരള കോൺഗ്രസ്, കോൺഗ്രസ് എസ്, ഐഎൻഎൽ എന്നിവയ്ക്കു ലഭിക്കും.
നിലവിലെ ഫോർമുല അനുസരിച്ച് സിപിഎമ്മിന് ഒരു മന്ത്രിസ്ഥാനം നഷ്ടമാവും. സിപിഎം കൈകാര്യം ചെയ്തിരുന്ന ഒരു വകുപ്പും ഘടകകക്ഷികൾക്കു പോവും. വൈദ്യുതി വകുപ്പ് കേരള കോൺഗ്രസിനു നൽകുമെന്നാണ് സൂചന. കേരള കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട റോഷി അഗസ്റ്റിൻ ആയിരിക്കും മന്ത്രി.
സിപിഐക്കു കഴിഞ്ഞ തവണ കൈകാര്യം ചെയ്ത വകുപ്പുകൾ ഇത്തവണയും ലഭിക്കും. റവന്യു, കൃഷി, ഭക്ഷ്യം, വനം വകുപ്പുകളായിരിക്കും സിപിഐയ്ക്ക്. ഇതിൽ വനംവകുപ്പിന്റെ കാര്യത്തിൽ മാത്രം ചർച്ചയാവാമെന്ന നിലപാട് നേരത്തെ പാർട്ടി നേതൃത്വം മുന്നോട്ടുവച്ചിരു്ന്നു. മറ്റു വകുപ്പുകൾ സിപിഐ ഏറെക്കാലമായി കൈകാര്യം ചെയ്തുവരുന്നതാണ്.
തുറമുഖം, ജലസേചനം, കായികം, ഗതാഗതം എന്നിവയായിരിക്കും ചെറുകക്ഷികൾക്കായി നീക്കിവയ്ക്കുന്ന വകുപ്പുകൾ. മറ്റു പ്രധാന വകുപ്പുകൾ സിപിഎം വിട്ടുനൽകാനിടയില്ല.